Site icon Janayugom Online

വില്ലേജ് ഓഫീസുകളെ പൂര്‍ണമായും ജനപ്രിയ കേന്ദ്രങ്ങളാക്കും: മന്ത്രി കെ.രാജന്‍

വില്ലേജ് ഓഫീസുകളെ പൂര്‍ണമായും ജനപ്രിയ കേന്ദ്രങ്ങളാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. പത്തിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനത്തില്‍ ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതും ഘടനാപരമായ മാറ്റങ്ങളും പരിഗണനയിലുണ്ട്. കെട്ടിടങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കുമൊപ്പം വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനവും സ്മാര്‍ട്ടാകാണം.

ജനങ്ങളുടെ ആവശ്യങ്ങളില്‍ സമയബന്ധിതമായി നടപടി ഉണ്ടാകണം. സേവനങ്ങള്‍ പൂര്‍ണമായും ജനങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലാകണം. റവന്യൂ വകുപ്പിന്റെ ഏഴു സേവനങ്ങള്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എല്ലാ സേവനങ്ങളും വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കെട്ടിക്കിടക്കുന്ന ഫയലുകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കും. ഇത്തരം ഫയലുകളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ അതിവേഗം ലഭ്യമാക്കാന്‍ ഉതകുന്ന ഡിജിറ്റല്‍ സംവിധാനം അടുത്ത വര്‍ഷത്തോടെ സജ്ജമാകും.

എല്ലാവര്‍ക്കും ഭൂമി എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള കഠിന ശ്രമത്തിലാണ് സര്‍ക്കാര്‍. ഭൂപരിഷ്‌കരണ നിയമപ്രകാരം അനുവദനീയമായതില്‍ അധികം ഭൂമിയുള്ളവരില്‍ നിന്ന് തിരിച്ച് പിടിച്ചാണെങ്കിലും ഭൂരഹിതരായ മനുഷ്യര്‍ക്ക് നല്‍കുന്ന രീതിയില്‍ റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പുനസംഘടിപ്പിക്കുന്നതിന്റെ സാധ്യതയും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. പ്ലാന്‍ ഫണ്ടില്‍ നിന്ന് 44 ലക്ഷം രൂപ വകയിരുത്തി ആധുനിക സൗകര്യങ്ങളോടു കൂടിയാണ് പത്തിയൂര്‍ വില്ലേജിന് പുതിയ കെട്ടിടം നിര്‍മിച്ചത്. പൊതുജന സൗഹൃദ അന്തരീക്ഷം ഉറപ്പാക്കിയും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയുമാണ് ഓഫീസ് പ്രവര്‍ത്തിക്കുക.

വില്ലേജ് ഓഫിസര്‍ക്കും, മറ്റ് ഉദ്യോഗസ്ഥര്‍ക്കും പ്രത്യേകം ക്യാബിനുകള്‍, ഫ്രണ്ട് ഓഫീസ് സംവിധാനം, റിക്കാര്‍ഡ് റൂം, പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഉപയോഗിക്കുന്നതിനായി ശുചിമുറികള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ചടങ്ങില്‍ യു പ്രതിഭ എംഎല്‍എ അധ്യക്ഷത വഹിച്ചു. എ എം ആരിഫ് എം പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജില്ലാ കലക്ടര്‍ എ അലക്‌സാണ്ടര്‍, കായംകുളം നഗരസഭാധ്യക്ഷ പി ശശികല, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചര്‍, എഡിഎം ജെ മോബി, പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍ ഉഷ, ജില്ലാ പഞ്ചായത്ത് അംഗം കെ ജി സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മണി വിശ്വനാഥ്, ഗ്രാമപഞ്ചായത്ത് അംഗം ശ്രീലേഖ അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Exit mobile version