യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഹാഫ് മാരത്തൺ ഓടിത്തീർത്ത ഉടൻ വിമുക്തഭടൻ കുഴഞ്ഞുവീണു മരിച്ചു. കാലിഫോർണിയക്കാരനായ സ്കോട്ടി വില്യംസ് (28) ആണ് സാൻ ഡിയേഗോയിലെ ഒരു വാട്ടർ സ്റ്റേഷന് സമീപം കുഴഞ്ഞുവീണ് മരണപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച നടന്ന സിൽവർ സ്ട്രാൻഡ് വെറ്ററൻസ് ഡേ ഹാഫ് മാരത്തൺ പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് സംഭവം. ഉടൻതന്നെ സ്ഥലത്തെത്തിയ മെഡിക്കൽ ടീം ഏകദേശം 90 മിനിറ്റോളം സിപിആർ നൽകിയെങ്കിലും സ്കോട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
കൊറിയയിലും സിറിയയിലും ട്രാൻസ്‌പോർട്ട് ഡ്രൈവറായി സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് വില്യംസ്. സിറിയയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ നേരിട്ടതിനെത്തുടർന്ന് അദ്ദേഹം യുഎസ് സൈനിക സേവനത്തിൽ നിന്ന് വിരമിച്ചിരുന്നു. പിന്നീട് ഒരു സ്കീ റിസോർട്ടിൽ ജോലി ചെയ്യുകയായിരുന്ന അദ്ദേഹം അടുത്തിടെയാണ് സാൻ ഡിയാഗോയിലേക്ക് താമസം മാറിയത്.
നിരവധി ഹാഫ് മാരത്തണുകൾ വിജയകരമായി പൂർത്തിയാക്കിയിട്ടുള്ള, ആരോഗ്യവാനും കായികക്ഷമതയുമുള്ള മകൻ ഇത്രപെട്ടെന്ന് മരിച്ചത് എങ്ങനെയെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് സ്കോട്ടിയുടെ അമ്മയായ കാതറിൻ യ്ഗ്ലേഷ്യസ്-ഹെരേര പറയുന്നു. മത്സരത്തിന് രണ്ട് ദിവസം മുമ്പ് മകൻ വീഡിയോ കോളിൽ തന്റെ പുതിയ അപ്പാർട്ട്‌മെന്റ് കാണിക്കുകയും, കാമുകി ബ്രീ റിവേരയെ ‘രഹസ്യമായി വിവാഹം കഴിക്കാൻ’ പദ്ധതിയിടുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നുവെന്നും അമ്മ ഓർക്കുന്നു. സ്കോട്ടിയുടെ മരണകാരണം കണ്ടെത്താനായി കുടുംബം പോസ്റ്റ്‌മോർട്ടം ഫലങ്ങൾക്കായി കാത്തിരിക്കുകയാണ്.

