Site iconSite icon Janayugom Online

വിനീത കൊലക്കേസ്; പ്രതി രാജേന്ദ്രന്‍ കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം അമ്പലമുക്കിലെ അലങ്കാരച്ചെടി വില്പനശാലയിലെ ജീവനക്കാരിയായിരുന്ന വിനീതയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ രാജേന്ദ്രൻ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഈ കണ്ടെത്തൽ. കന്യാകുമാരി ജില്ലയിലെ തോവാളം സ്വദേശിയായ രാജേന്ദ്രൻ ഇതിനു മുമ്പും മൂന്ന് കൊലപാതകങ്ങൾ നടത്തിയിട്ടുണ്ട്. ഓഹരി വിപണിയിൽ നിക്ഷേപം നടത്തിയിരുന്ന ഇയാൾ പണത്തിന്റെ ആവശ്യം വരുമ്പോഴായിരുന്നു കൊലപാതകങ്ങൾ നടത്തിയിരുന്നത്. ഈ കേസിൽ ദൃക്സാക്ഷികൾ ഇല്ലാതിരുന്നതിനാൽ ശാസ്ത്രീയവും സാഹചര്യപരവുമായ തെളിവുകളാണ് നിർണ്ണായകമായത്. 118 സാക്ഷികളിൽ 96 പേരെ പ്രോസീക്യൂഷൻ വിസ്തരിച്ചു.

2022 ഫെബ്രുവരി 6നാണ് പ്രതി വിനീത കൊല്ലപ്പെടുന്നത്. വിനീത അണിഞ്ഞ നാലര പവന്റെ സ്വർണ മാല കവരാനാണ് പ്രതി രാജേന്ദ്രൻ കൊലപാതകം നടത്തിയത്. അതിക്രമം നടക്കുമ്പോൾ വിനീത മാത്രമാണ് കടയിൽ ഉണ്ടായിരുന്നത്. നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതി തമിഴ്നാട് സ്വദേശി രാജേന്ദ്രൻ ആണെന്ന് കണ്ടെത്തിയത്. കേസിലെ ഏക പ്രതിയായ രാജേന്ദ്രന്‍ ദയ അർഹിക്കുന്നില്ലെന്നായിരുന്നു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം സലാഹുദ്ദീന്റെ വാദം. പ്രതി സംഭവ ദിവസം കൊലപാതകത്തിന് എത്തുന്ന സിസിടിവി ദൃശ്യങ്ങൾ അടക്കം 12 പെൻഡ്രൈവുകളും 7 ഡിവിഡികളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. തമിഴ്നാട് സ്വദേശിയായ രാജേന്ദ്രൻ ദ്വിഭാഷിയുടെ സഹായത്തോടെയാണ് വിചാരണ നേരിട്ടത്.

Exit mobile version