Site iconSite icon Janayugom Online

ഇന്ത്യയുടെ വിദേശ ഫണ്ടിംഗ് നിയമം ലംഘിച്ചു; ബിബിസി ഇന്ത്യയ്ക്ക് 3.44 കോടി രൂപ പിഴ ചുമത്തി ഇഡി

ബിബിസി ഇന്ത്യക്ക് 3.44 കോടി രൂപ പിഴ ചുമത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിദേശനാണയ വിനിമയ നിയന്ത്രണ ചട്ടം ലംഘിച്ചതിനാണ് നടപടി. ബിബിസിയുടെ മൂന്ന് ഡയറക്ടര്‍മാര്‍ 1.14 കോടി രൂപ വീതം പിഴയൊടുക്കാനാണ് നിര്‍ദേശം. ഗൈല്‍സ് ആന്റണി ഹണ്ട്, ഇന്ദു ശേഖര്‍ സിന്‍ഹ, പോള്‍ മൈക്കല്‍ എന്നിവര്‍ക്കാണ് പിഴ ചുമത്തിയത്. 

2023 ഫെബ്രുവരിയില്‍ ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫിസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ചാനലിനെതിരെ ഇഡി കേസ് രജിസ്റ്റര്‍ ചെയ്തത്. പരിശോധനയില്‍ ബിബിസിയുടെ വിവിധ സ്ഥാപനങ്ങള്‍ കാണിക്കുന്ന വരുമാനമോ ലാഭമോ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ വ്യാപ്തിക്ക് ആനുപാതികമല്ലെന്ന് കണ്ടെത്തുകയായിരുന്നു. ഗുജറാത്ത് കലാപത്തില്‍ മോഡിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന ‘ഇന്ത്യ‑ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി ബിബിസി സംപ്രേഷണം ചെയ്തതിനു പിന്നാലെയായിരുന്നു ചാനലിന്റെ ഓഫിസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.

Exit mobile version