Site iconSite icon Janayugom Online

കുത്തക കമ്പനികള്‍ക്ക് ചട്ടം തെറ്റിച്ച് പാരിസ്ഥിതിക അനുമതി; 80% വിവാദ പദ്ധതികള്‍

കുത്തക കമ്പനികള്‍ക്ക് വന്‍കിട വ്യവസായ പദ്ധതികള്‍ ആരംഭിക്കാന്‍ ചട്ടങ്ങള്‍ പാലിക്കാതെ പാരിസ്ഥിതിക അനുമതി നല്‍കി ദേശീയ ഹരിത ട്രിബ്യൂണല്‍ (എന്‍ജിടി). 2020 മുതല്‍ 25 വരെയുള്ള അഞ്ച് വര്‍ഷമാണ് പ്രകൃതി ചൂഷണത്തിനും പരിസ്ഥിതി നാശത്തിനും ഇടവരുത്തുന്ന തരത്തിലുള്ള വ്യവസായ ശാലകള്‍ക്ക് എന്‍ജിടി അനുമതി നല്‍കിയത്. പരിസ്ഥിതി-വനം അനുമതി സംബന്ധിച്ച 80% കേസുകളിലും വന്‍കിട പദ്ധതികള്‍ക്ക് അനുകൂലമായി പച്ചക്കൊടി കാട്ടിയെന്ന് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അഞ്ച് വര്‍ഷത്തിനിടയില്‍ വ്യക്തികളും സംഘടനകളും സമര്‍പ്പിച്ച 320 അപ്പീലുകളില്‍ 20% (65 കേസുകള്‍) അപ്പീലുകളില്‍ മാത്രമാണ് എന്‍ജിടി പരിസ്ഥിതിക്ക് അനുകൂലമായ സമീപനം സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു. സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെതിരെ വന്‍കിട കുത്തക കമ്പനികള്‍ സമര്‍പ്പിച്ച 80% അപ്പീലുകളിലും അര്‍ധജുഡിഷ്യല്‍ പദവിയുള്ള എന്‍ജിടി അപ്പീലുകാരുടെ പക്ഷം ചേര്‍ന്നു. 160 അപ്പീലുകളില്‍ 129 എണ്ണത്തിലും വ്യവസായ ഭീമന്മാര്‍ക്ക് അനുകൂലമായി ഉത്തരവിറക്കി.
മുന്‍വര്‍ഷങ്ങളില്‍ വ്യവസായികള്‍ക്കും അപ്പീല്‍ നല്‍കിയവര്‍ക്കും സമതുലിതമായ നീതിയാണ് ലഭിച്ചിരുന്നുവെന്ന് പരിസ്ഥിതി സംരക്ഷകര്‍ പറയുന്നു. 2016–2019ല്‍ ഇരുവിഭാഗത്തിനും 18 മുതല്‍ 31% വരെയാണ് നീതി ലഭിച്ചത്. ഡൽഹി (പ്രിൻസിപ്പൽ), ഭോപ്പാൽ (സെൻട്രൽ), പൂനെ (വെസ്റ്റേൺ), കൊൽക്കത്ത (ഈസ്റ്റേൺ), ചെന്നൈ (സതേൺ) എന്നീ അഞ്ച് ബെഞ്ചുകൾ പരിഗണിച്ച ട്രിബ്യൂണല്‍ കേസുകളിൽ ഭൂരിഭാഗവും വായു, ജല മലിനീകരണം, തീരദേശ മേഖലാ നിയന്ത്രണങ്ങൾ എന്നിവയെക്കുറിച്ചായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
അഡാനി പെട്രോനെറ്റ് (ദഹേജ്) പോർട്ട്, വേദാന്ത, ജിൻഡാൽ പവർ പദ്ധതികളും അനുമതി ലഭിച്ചവയില്‍ ഉള്‍പ്പെടുന്നു. ഗുജറാത്ത് പിപാവാവ് പോർട്ട് ലിമിറ്റഡ്, ഹൊന്നവർ പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, അലന്ദ് ഷിപ്പ്‌യാർഡ് എന്നീ പദ്ധതികള്‍ക്കും ദേശീയ ഹരിത ട്രിബ്യൂണല്‍ പച്ചക്കൊടി കാട്ടി. ഈ കുത്തക കമ്പനികളെ സഹായിക്കുന്ന നിലപടാണ് എന്‍ജിടി സ്വീകരിച്ചത്.
പരിസ്ഥതി, വനം, പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കേസുകള്‍ ഫലപ്രദമായി തീര്‍പ്പാക്കുന്നതിനാണ് 2010ല്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ സ്ഥാപിച്ചത്. എന്നാല്‍ രാജ്യത്തെ പരിസ്ഥിതി-വനം നശീകരണത്തിന് ഇടയാക്കുന്ന കുത്തക വ്യവസായങ്ങള്‍ക്ക് അനുമതി നല്‍കുന്ന സ്ഥാപനമായി എന്‍ജിടി മാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Exit mobile version