Site iconSite icon Janayugom Online

പെരുമാറ്റച്ചട്ട ലംഘനം: സി-വിജിൽ ആപ്പ് വഴി ലഭിച്ചത് 79,000 പരാതികള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ചത് 79,000 പരാതികളെന്ന് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ സി-വിജില്‍ ആപ്പ് മുഖേനയാണ് പരാതികൾ ലഭിച്ചത്. രാജ്യത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിന് പിന്നാലെ സി-വിജില്‍ ആപ്ലിക്കേഷൻ വഴി ജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാമെന്ന് കമ്മിഷൻ അറിയിച്ചിരുന്നു.

ലഭിച്ച പരാതികളിൽ 99 ശതമാനവും പരിഹരിച്ച് കഴിഞ്ഞുവെന്ന് കമ്മിഷൻ അറിയിച്ചു. പരാതി ലഭിച്ച് 100 മിനിറ്റിനുള്ളിലാണ് 89ശതമാനം പരാതികളും പരിഹരിച്ചത്. അനധികൃത ബാനറുകളും ഹോർഡിങ്ങുകളും സ്ഥാപിച്ചുവെന്ന് കാണിച്ചാണ് 58,500 പരാതികളും ലഭിച്ചതെന്ന് കമ്മിഷൻ അറിയിച്ചു. തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനായി ജനങ്ങൾക്ക് പണവും സമ്മാനങ്ങളും മദ്യവും വിതരണം ചെയ്തെന്ന് ചൂണ്ടിക്കാട്ടി 1,400 പരാതികൾ ലഭിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയതുള്‍പ്പെടെയുള്ള ഗുരുതരമായ 535 പരാതികളിൽ 529 എണ്ണം പരിഹരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാനുള്ള സംവിധാനമാണ് സി-വിജില്‍ മൊബൈൽ ആപ്പ്. പേര് രേഖപ്പെടുത്താതെയും ആപ്പ് മുഖേന പരാതി നൽകാൻ സാധിക്കും. 

Eng­lish Summary:Violation of Code of Con­duct: 79,000 com­plaints received through C‑Vigil app
You may also like this video

Exit mobile version