ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന കന്നഡ ബിഗ് ബോസ് അടച്ചുപൂട്ടാൻ കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (KSPCB) ഉത്തരവിട്ടു. ബിഡദിയിലെ വെൽസ് സ്റ്റുഡിയോസ് ആൻഡ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് പ്രവർത്തിക്കുന്ന സ്ഥലത്ത് പരിസ്ഥിതി നിയമങ്ങൾ ലംഘിക്കപ്പെട്ടു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബോർഡിന്റെ ഈ കർശന നടപടി. പരിശോധനകൾക്ക് ശേഷം നടന്ന വിശദമായ യോഗത്തിലാണ് പ്രദേശം മുഴുവൻ അടച്ചുപൂട്ടാനുള്ള നോട്ടീസ് നൽകിയതെന്ന് കെ എസ് പി സി ബി ചെയർമാൻ പി എം നരേന്ദ്ര സ്വാമി അറിയിച്ചു. മലിന ജലം ഒഴുക്കി വിടുന്നതിലും ജലം കൈകാര്യം ചെയ്യുന്നതിലും ഗുരുതരമായ പിഴവുണ്ടായെന്നാണ് പ്രധാന കണ്ടെത്തൽ.
അമ്യൂസ്മെന്റ് പാർക്കായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം മലിനീകരണ നിയന്ത്രണ ബോർഡിന്റെ മുൻകൂർ അനുമതിയില്ലാതെയാണ് പ്രവർത്തിക്കുന്നത്. കൂടാതെ, പ്രതിദിനം ഉണ്ടാകുന്ന 2.5 ലക്ഷം ലിറ്റർ മലിനജലം സംസ്കരിക്കുന്നതിനായി മാലിന്യ പ്ലാന്റുകളോ മറ്റ് സംവിധാനങ്ങളോ ഇവിടെയില്ലെന്നും കണ്ടെത്തി. ഈ സാഹചര്യത്തിൽ, 1983ലെ കർണാടക വായു മലിനീകരണ പ്രതിരോധ, നിയന്ത്രണ നിയമം അനുസരിച്ചാണ് നടപടി എടുത്തിരിക്കുന്നത്. സെപ്റ്റംബർ 28ന് ആരംഭിച്ച ബിഗ് ബോസ് 12-ാം സീസൺ ഉൾപ്പെടെ നടക്കുന്ന പ്രദേശമാണ് അടച്ചുപൂട്ടാൻ ഉത്തരവിട്ടിരിക്കുന്നത്.

