Site iconSite icon Janayugom Online

വിദേശ നാണ്യവിനിമയ ചട്ടലംഘനം: നെഹ്രുകുടുംബത്തിന്റെ രണ്ട് ട്രസ്റ്റുകളുടെ ലൈസന്‍സ് റദ്ദാക്കി

SoniaSonia

നെഹ്രുകുടുംബം നേതൃത്വം നല്‍കുന്ന രണ്ട് ട്രസ്റ്റുകള്‍ക്ക് വിദേശ സംഭാവന സ്വീകരിക്കാനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ (ആര്‍ജിഎഫ്), രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് (ആര്‍ജിസിടി) എന്നിവയുടെ എഫ്‌സിആര്‍എ രജിസ്‌ട്രേഷനാണ് റദ്ദാക്കിയത്. സോണിയാ ഗാന്ധി അധ്യക്ഷയായ രണ്ട് ട്രസ്റ്റുകളും വിദേശ സഹായം സ്വീകരിച്ചതില്‍ വിദേശ നാണ്യവിനിമയ ചട്ടലംഘനമുണ്ടെന്ന അന്വേഷണ സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.
സോണിയാ ഗാന്ധി ചെയര്‍പേഴ്‌സണായ ആര്‍ജിഎഫില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുന്‍ ധനമന്ത്രി പി ചിദംബരം, പാര്‍ലമെന്റ് അംഗങ്ങളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വധേര, മൊണ്ടേക് സിങ് അലുവാലിയ, അശോക് എസ് ഗാംഗുലി, സുമന്‍ ദുബേ എന്നിവരാണ് ട്രസ്റ്റികള്‍.
ആര്‍ജിഎഫ്, ആര്‍ജിസിടി, ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ് എന്നിങ്ങനെ ഗാന്ധി കുടുംബത്തിന്റെ നേതൃത്വത്തിലുള്ള മൂന്ന് ഫൗണ്ടേഷനുകളെക്കുറിച്ച് അന്വേഷിക്കുന്നതിനാണ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി 2020 ല്‍ കമ്മിറ്റി രൂപീകരിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമം, ആദായ നികുതി നിയമം, എഫ്‌സിആര്‍എ എന്നിവയുടെ ലംഘനമുണ്ടായോ എന്നിവയായിരുന്നു കമ്മിറ്റിയുടെ പരിശോധനാ വിഷയങ്ങള്‍.
എഫ്‌സിആര്‍എ ലൈസന്‍സ് റദ്ദാക്കിയതോടെ സംഘടനകള്‍ക്ക് ഇനി വിദേശ സംഭാവന സ്വീകരിക്കാനാവില്ല. ക്രമക്കേടുകള്‍ സംബന്ധിച്ച അന്വേഷണം സിബിഐക്ക് കൈമാറിയേക്കും. അതേസമയം, വിഷയത്തില്‍ കോണ്‍ഗ്രസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സോണിയ, രാഹുല്‍ എന്നിവര്‍ക്ക് പുറമെ അശോക് എസ് ഗാംഗുലി, ദീപ് ജോഷി, ബന്‍സി മെഹ്ത തുടങ്ങിയവരാണ് ആര്‍ജിസിടിയിലെ ട്രസ്റ്റിമാര്‍.
ആര്‍ജിഎഫ് 1991ലും ആര്‍ജിസിടി 2002 ലുമാണ് സ്ഥാപിതമായത്. ആര്‍ജിഎഫിന് ചൈനീസ് എംബസിയില്‍ നിന്നും സാമ്പത്തിക സഹായം ലഭിച്ചതായി ബിജെപി നേരത്തെ ആരോപിച്ചിരുന്നു. വിവാദ രത്‌നവ്യാപാരി മെഹുല്‍ ചോക്‌സിയില്‍ നിന്ന് പണം സ്വീകരിച്ചു, യുപിഎ ഭരണകാലത്ത് പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം വകമാറ്റി തുടങ്ങിയ ആരോപണങ്ങളും ഫൗണ്ടേഷനെതിരെ ഉയര്‍ന്നിരുന്നു.

Eng­lish Sum­ma­ry: Vio­la­tion of For­eign Exchange Act: Licens­es of two Nehru fam­i­ly trusts revoked

You may like this video also

Exit mobile version