Site iconSite icon Janayugom Online

സ്വകാര്യത ലംഘിച്ചു, ഡ്രോണ്‍ ഉപയോഗിച്ച് സ്ത്രീകളുടേയും കുട്ടികളുടേയും ദൃശ്യങ്ങൾ പകർത്തി; മാധ്യമങ്ങൾക്കെതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

നടൻ ദിലീപിന്റെ വീട്ടിലേക്ക് ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയതിനെതിരെ പൊലീസില്‍ പരാതിയുമായി ദിലീപിന്റെ സഹോദരി. പ്രമുഖ വാർത്താ ചാനലുകൾക്കും മാധ്യമപ്രവർത്തകർക്കും എതിരെയാണ് എസ് ജയലക്ഷ്മി സുരാജ് പരാതി നൽകിയത്. ആലുവ സ്റ്റേഷൻ ഹൗസ് ഓഫിസർക്കാണ് പരാതി നൽകിയത്.

റിപ്പോർട്ടർ ടിവി, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകൾക്കും മേധാവികൾക്കുമെതിരെയാണ് നിയമനടപടി ആവശ്യപ്പെട്ടത്. 2025 ഡിസംബർ 8ന് ആലുവയിലെ ‘പത്മസരോവരം’ വസതിയിൽ അതിക്രമിച്ചു കയറി ഡ്രോൺ ഉപയോഗിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെയുള്ള സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയായിരുന്നു. 

നിയമവിരുദ്ധമായി പകർത്തിയ ദൃശ്യങ്ങൾ ശേഖരിക്കുകയും സംപ്രേഷണം ചെയ്യുകയും ചെയ്തതിലൂടെ, വീട്ടിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ അന്തസ്സിനും സുരക്ഷയ്ക്കും സൽപ്പേരിനും പരിഹരിക്കാനാകാത്ത ദോഷം സംഭവിച്ചുവെന്നും. അതിനാൽ, നിരീക്ഷണത്തിന് ഉപയോഗിച്ച ഡ്രോണുകൾ, മെമ്മറി കാർഡുകൾ, സ്റ്റോറേജ് ഡിവൈസുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ പിടിച്ചെടുക്കണമെന്നുമാണ് പരാതിയിൽ പറയുന്നത്. 

വീട്ടിലെ അംഗങ്ങളുടെ സമ്മതമോ മുൻകൂർ അനുമതിയോ കൂടാതെയാണ് ഡ്രോൺ പ്രവർത്തിപ്പിച്ചത്. ഇത് സ്വകാര്യതയുടെ നഗ്നമായ ലംഘനമാണെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിന്റെ വിധി പറയുന്ന ദിവസം ദിലീപ് വീടുവിട്ട് കോടതിയിലേക്ക് പോകുന്നതും തിരികെ വീട്ടിലേക്കു വരുന്നതുമായ ദൃശ്യങ്ങൾ മാധ്യമങ്ങൾ ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ച് ടെലികാസ്റ്റ് ചെയ്യുകയായിരുന്നു. 

Exit mobile version