Site icon Janayugom Online

മണിപ്പൂരില്‍ വീണ്ടും അക്രമം; രണ്ട് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

Manipur

രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് പിന്നാലെ മണിപ്പൂരിൽ വീണ്ടും അക്രമം. ഭീകരാക്രമണത്തിൽ രണ്ട് സിആർപിഎഫ് ഉദ്യോ​ഗസ്ഥർ കൊല്ലപ്പെട്ടു. രണ്ട് സായുധസംഘങ്ങള്‍ തമ്മിലുണ്ടായ വെടിവയ്പിലും ഒരു യുവാവ് കൊല്ലപ്പെട്ടു. വോട്ടെടുപ്പ് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ബിഷ്‌ണുപൂർ ജില്ലയിലെ നരൻസേന മേഖലയിൽ വിന്യസിച്ചിരിക്കുന്ന സിആർപിഎഫ് 128-ാം ബറ്റാലിയന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. സിആര്‍പിഎഫ് സബ് ഇന്‍സ്പെക്ടര്‍ എന്‍ സര്‍ക്കാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ അഫ്താബ് ഹുസൈന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ട് പേർക്ക് പരിക്കേറ്റു. സായുധ സംഘങ്ങൾ അർധസൈനിക വിഭാ​ഗത്തിന് നേരെ എറിഞ്ഞ ബോംബ് സുരക്ഷാ സേനയുടെ ഔട്ട് പോസ്റ്റിനുള്ളിൽ വച്ചാണ് പൊട്ടിത്തെറിച്ചത്. 

ഏപ്രില്‍ 19ന് നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിലും മണിപ്പൂരില്‍ നിരവധി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. കാംഗ്‌കോപി, ഇംഫാൽ ഈസ്റ്റ് ജില്ലകളുടെ അതിർത്തിയിലുള്ള സിനം കോമിൽ വെള്ളിയാഴ്ച രാത്രിയാണ് രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വെടിവ‍യ്പിനെ തുടർന്ന് കാണാതായ ലൈഷ്‌റാം പ്രേം എന്നയാളെ ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 

Eng­lish Sum­ma­ry: Vio­lence again in Manipur; Two CRPF per­son­nel were killed

You may also like this video

Exit mobile version