കൊല്‍ക്കത്തയില്‍ നടന്ന കേരള ബ്ലാസ്റ്റേഴ്സ് ‑മൊഹമ്മദന്‍സ് എസ്‌സി മത്സരത്തിനിടെ ആരാധകരുടെ അതിക്രമത്തില്‍ മൊഹമ്മദന്‍സിനെതിരെ നടപടിയുമായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ(എഐഎഫ്എഫ്). എഐഎഫ്‌എഫ് ക്ലബ്ബിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി.
മൊഹമ്മന്‍സിന്റെ ആരാധകര്‍ കുപ്പികള്‍, കല്ലുകള്‍, മരത്തടികള്‍, ചെരുപ്പുകള്‍, മൂത്രം നിറച്ച കുപ്പികള്‍ തുടങ്ങിയവയെല്ലാം മൈതാനത്തേക്ക് വലിച്ചെറിഞ്ഞിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ കളി താല്‍ക്കാലികമായി നിർത്തി വയ്ക്കേണ്ടതായും വന്നിരുന്നു. ഒടുവില്‍ പൊലീസെത്തി മൊഹമ്മദന്‍സ് ആരാധകരെ ശാന്തരാക്കിയ ശേഷമാണ് മത്സരം പുനരാരംഭിച്ചത്. കൊല്‍ക്കത്ത കിഷോര്‍ഭാരതി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൊഹമ്മദന്‍സിന് അനുകൂലമായ ഒരു പെനാല്‍റ്റി നിഷേധിച്ചതോടെയാണ് ആരാധകര്‍ പ്രകോപിതരായത്. ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോള്‍ നേടിയതിന് പിന്നാലെ മൊഹമ്മദൻസ് ആരാധകര്‍ കളിക്കാര്‍ക്കും ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കും നേരെ കുപ്പികളും ചെരുപ്പുമെല്ലാം വലിച്ചെറിയുകയായിരുന്നു. ആരാധകരുടെ മോശം പെരുമാറ്റത്തിനുള്ള ഏറ്റവും കുറഞ്ഞ പിഴ ഒരു ലക്ഷം രൂപയാണെങ്കിലും, കൂടുതല്‍ സംഭവങ്ങളോ മോശമായ പെരുമാറ്റത്തിന്റെ തെളിവോ കണ്ടെത്തിയാല്‍ കർശനമായ നടപടി സാധ്യമാണെന്ന് എഐഎഫ്‌എഫ് അറിയിച്ചു. സീസണില്‍ ആദ്യ എവേ ജയം കുറിച്ചാണ് ബ്ലാസ്റ്റേഴ്സ് കൊല്‍ക്കത്തയില്‍ നിന്നും മടങ്ങിയത്. മത്സരത്തില്‍ 2–1നാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം.