രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നും ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നുവെന്നും ലത്തീൻ അതിരൂപത. രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി 22ന് ഉപവാസ പ്രാർത്ഥനാദിനം ആചരിക്കണമെന്ന് ചൂണ്ടിക്കാട്ടി പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചു.
ഇന്ത്യൻ കത്തോലിക്കാ സഭയുടെ ആഹ്വാന പ്രകാരമാണ് ഇന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ സർക്കുലർ വായിച്ചത്. മതധ്രുവീകരണം രാജ്യത്തെ സൗഹാർദ്ദ അന്തരീക്ഷം തകർത്തു. മൗലികാവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും ഹനിക്കപ്പെടുകയാണെന്നും സർക്കുലറിലൂടെ ലത്തീൻ സഭ ചൂണ്ടിക്കാട്ടുന്നു. ക്രൈസ്തവർക്കും ക്രിസ്തീയ സ്ഥാപനങ്ങൾക്കും എതിരെ അക്രമങ്ങൾ പതിവ് സംഭവമായി മാറി. 2014ൽ ക്രൈസ്തവർക്ക് നേരെ 147 അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിൽ 2023ൽ ഇത് 687 ആയി. ഈ പശ്ചാത്തലത്തില്‍ ഉപവാസ പ്രാർത്ഥനാ ദിനം ആചരിക്കാനാണ് തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത തോമസ് ജെ നെറ്റോയുടെ ആഹ്വാനം.
അന്നേദിവസം എല്ലാ ഇടവകകളിലും കുരിശിന്റെ വഴിക്കു ശേഷം ഒരു മണിക്കൂർ ദിവ്യകാരുണ്യ ആരാധന സംഘടിപ്പിക്കുകയും എല്ലാ മുതിർന്ന വിശ്വാസികളും ഒരു നേരത്തെ ആഹാരം ഉപേക്ഷിച്ച് ഉപവസിക്കുകയും ചെയ്യണം. സാധിക്കുന്ന ഇടവകകളിൽ ആ ദിവസം ബൈബിൾ പാരായണം, രാത്രി ജാഗരണം, മുഴുവൻ രഹസ്യങ്ങളും ധ്യാനിച്ചുകൊണ്ടുള്ള ജപമാല എന്നിവയും സംഘടിപ്പിക്കാവുന്നതാണെന്നും സർക്കുലർ നിർദേശിക്കുന്നു. ഉപവാസ പ്രാർത്ഥനാ ദിനം ഏറ്റവും ഫലപ്രദമായ രീതിയിൽ ആചരിക്കുന്നതിലൂടെ രാജ്യത്തിന്റെയും സഭയുടെയും നന്മയ്ക്കായി പ്രാർത്ഥനയുടെ ശക്തി പരമാവധി പ്രയോജനപ്പെടുത്താമെന്നും സർക്കുലറിലൂടെ മെത്രാപ്പോലീത്ത പറയുന്നു.
English Summary: Violence against Christian institutions is on the rise
You may also like this video