Site iconSite icon Janayugom Online

രാജ്യത്തെ ദളിത് ജനവിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളെ ചെറുത്തു തോല്‍പിക്കണം: മാങ്കോട് രാധാകൃഷ്ണന്‍

രാജ്യത്തെ ദളിത് ജനവിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളെ ചെറുത്തു തോല്‍പിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍. ദളിത് വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ രാജ്യത്ത് അനുദിനം വര്‍ധിച്ചുവരികയാണ്. പട്ടികജാതി — വര്‍ഗ വിഭാഗത്തിന്റെ ജീവിത പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയമാണെന്നും കേന്ദ്ര ഗവണ്‍മെന്റിന്റെ നയസമീപനങ്ങള്‍ തിരുത്താന്‍ വിപുലമായ പ്രക്ഷോഭ പരിപാടികള്‍ ഉയര്‍ത്തിക്കൊണ്ടുവരണമെന്നും മാങ്കോട് രാധാകൃഷ്ണന്‍ പറഞ്ഞു. ഡോ. ബി ആർ അംബേദ്കർ ജയന്തി ദിനമായ ഇന്നലെ ദളിത് അവകാശ മുന്നേറ്റ സമിതി(എഐഡിആര്‍എം)യുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദളിത് അവകാശ പ്രഖ്യാപന ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചാതുര്‍വണ്യ വ്യവസ്ഥയുടെ മാനിഫെസ്റ്റോ ആണ് മനുസ്മൃതി. ആ മനുസ്മൃതിയുടെ ആശയങ്ങള്‍ ഇന്നും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്നു. ചാതുര്‍വണ്യ വ്യവസ്ഥ നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ഒരു ഭരണകൂടമാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. ദളിതരെ മനുഷ്യരായി കാണാന്‍ കഴിയാത്ത ഒരു സാഹചര്യം കേന്ദ്ര ഗവര്‍മെന്റ് രാജ്യത്ത് വളര്‍ത്തികൊണ്ട് വരികയാണ്. അവരുടെ അവകാശങ്ങള്‍ അനു ദിനം ചവിട്ടിമെതിക്കപെട്ടുകൊണ്ടിരിക്കുന്നു. ദളിതര്‍ക്കെതിരെ രാജ്യത്തുയര്‍ന്നവരുന്ന അതിക്രമങ്ങള്‍ക്കെതിരായി വലിയ പ്രതിരോധനിര രാജ്യത്ത് ഉയര്‍ന്നുവരേണ്ട കാലഘട്ടമാണിന്ന്.രാജ്യവ്യാപകമായി പട്ടികജാതി — വര്‍ഗ വിഭാഗത്തിനെതിരായി നടക്കുന്ന അതിക്രമങ്ങളെ ശക്തമായി തടയുന്നതിനായി നടപടികള്‍ സ്വീകരിക്കണമെന്നും നിയമനിര്‍മാണം കൊണ്ട് വരണമെന്നും മാങ്കോട് രാധാകൃഷ്ണന്‍ പറഞ്ഞു.

അവകാശ പ്രഖ്യാപന രേഖ എഐഡിആര്‍എം സംസ്ഥാന പ്രസിഡന്റ് എന്‍ രാജന്‍ അവതരിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് ബി ഇടമന, ബികെഎംയു ജില്ലാ സെക്രട്ടറി പാപ്പനംകോട് അജയന്‍ എന്നിവര്‍ സംസാരിച്ചു. എഐഡിആര്‍എം സംസ്ഥാന വൈസ് പ്രസിഡന്റ് വി ശശി എംഎല്‍എ ചടങ്ങി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ഹരികുമാര്‍ നന്ദി രേഖപ്പെടുത്തി. എഐഡിആര്‍എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കരകുളം രാജീവ്, ജി എന്‍ ശ്രീകുമാര്‍, ശോഭന, അനിത മഹേശന്‍, ബാബുക്കുട്ടന്‍ എന്നിവര്‍ പങ്കെടുത്തു.

രാജ്യത്ത് ദളിത് വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമനിയമത്തെ ലഘൂകരിക്കുന്ന നടപടികള്‍ അവസാനിപ്പിക്കുക, പൊതുമേഖലയെ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക, സ്വകാര്യമേഖലയില്‍ സംവരണം നടപ്പിലാക്കാന്‍ നിയമനിര്‍മ്മാണം നടത്തുക, ജാതി അതിക്രമങ്ങള്‍ മനുഷ്യാവകാശ ലംഘനം തുടങ്ങിയ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി അതിവേഗ കോടതികള്‍ രൂപീകരിക്കുക, ആദിവാസി വിഷയങ്ങളില്‍ കാര്യമായ ഇടപെടല്‍ നടത്തി പട്ടികവര്‍ഗ വിഭാഗങ്ങളുടെ ജീവിത ദുരിതങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുക, വിവിധ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സഹകരണ മേഖലകളിലും എയ്ഡഡ് മേഖലകളിലും സംവരണം ഉറപ്പാക്കുകയും കുറവുള്ള സ്ഥാപനങ്ങളില്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തി ഒഴിവുകള്‍ നികത്തുക തുടങ്ങി 14 ഇന പരിപാടികള്‍ ഉന്നയിച്ച് അവകാശ പത്രിക നൂറുകണക്കിന് ആളുകള്‍ ഒപ്പിട്ട് ജില്ലാ കളക്ടര്‍മാര്‍ക്കും കേരള ഗവര്‍ണര്‍ക്കും നിവേദനം നല്‍കും.

Eng­lish Summary:Violence against dal­its in the coun­try must be resist­ed: Mankode Radhakrishnan
You may also like this video

Exit mobile version