Site iconSite icon Janayugom Online

ആഗോളതലത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു

ആഗോളതലത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. ഈ വര്‍ഷം ഇതുവരെ 57 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. 49 പേരെ കാണാതായി. 533 പേരെ ജയിലിലാക്കി. 65 പേര്‍ ബന്ദികളായി തുടരുകയാണ്. പാരിസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് (ആര്‍എസ്എഫ്) ആണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 488 മാധ്യമപ്രവര്‍ത്തകരെയാണ് ജയിലിലാക്കിയത്. 1955 മുതല്‍ ആര്‍എസ്എഫ് മാധ്യമസാതന്ത്ര്യ വാര്‍ഷിക സൂചിക പ്രസിദ്ധീകരിക്കുന്നുണ്ട്. 

ആകെ ജയിലിലാക്കിയ മാധ്യമപ്രവര്‍ത്തകരില്‍ പകുതിയിലധികം പേരും അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ചൈനയിലാണ് ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകരെ തടവിലാക്കിയിരിക്കുന്നത്, 110 പേര്‍. മ്യാന്‍മര്‍ (62), ഇറാന്‍ (47), വിയറ്റ്നാം (39), ബെലാറുസ് (31) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങള്‍. നിര്‍ബന്ധിത മതാചാരങ്ങള്‍ക്കെതിരെ ഇറാനില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ കൂടുതല്‍ മാധ്യമപ്രവര്‍ത്തരെ അറസ്റ്റ് ചെയ്തതാണ് ആഗോളതലത്തില്‍ ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായത്. കഴിഞ്ഞ വര്‍ഷം ഇറാന്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല.

മ്യാന്‍മറില്‍ മാധ്യമപ്രവര്‍ത്തനം ക്രിമിനല്‍ കുറ്റമായാണ് കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പട്ടാള അട്ടിമറി നടത്തിയതിന് ശേഷം ഇതുവരെ 62 മാധ്യമപ്രവര്‍ത്തകരെയാണ് മ്യാന്‍മര്‍ തടവിലാക്കിയത്. ഉക്രെയ്‌നില്‍ നിന്നുള്ള എട്ട് മാധ്യമപ്രവര്‍ത്തര്‍ ഉള്‍പ്പെടെ 18 പേരെയാണ് റഷ്യ തടവിലാക്കിയിരിക്കുന്നത്. സ്വതന്ത്ര്യമാധ്യമങ്ങള്‍ക്കെല്ലാം റഷ്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ജയിലില്‍ കഴിയുന്നവരില്‍ മൂന്നിലൊന്നില്‍ താഴെ മാധ്യമപ്രവര്‍ത്തകരില്‍ മാത്രമെ കുറ്റം ചുമത്തിയിട്ടുള്ളു. ഭൂരിഭാഗവും വിചാരണ പോലുമില്ലാതെയാണ് ജയിലില്‍ കഴിയുന്നത്. 20 വര്‍ഷത്തിലധികമായി വിചാരണകാത്ത് കഴിയുന്നവരും ഇക്കൂട്ടത്തിലുണ്ടെന്ന് ആര്‍എസ്എഫ് സെക്രട്ടറി ജനറല്‍ ക്രിസ്റ്റഫി ഡെലൂറി പറഞ്ഞു. 

Eng­lish Summary:Violence against jour­nal­ists is increas­ing globally
You may also like this video

Exit mobile version