മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് തീവ്ര മെയ്തി സംഘടനയായ അരാംബായ് തെങ്കോൽ നേതാവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നു. തിങ്കളാഴ്ച രാത്രി ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ഖുരായ് ലാംലോങ് പ്രദേശത്ത് വ്യാപക സംഘര്‍ഷമാണ് പൊട്ടിപ്പുറപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ നിരവധി തവണ കണ്ണീര്‍ വാതക ഷെല്ലുകളും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ കത്തിച്ചതായും പൊലീസ് പറഞ്ഞു. തൗബാൽ, കാക്ചിങ് ജില്ലകളിലും റോഡ് ഉപരോധം, ടയറുകൾ കത്തിക്കൽ തുടങ്ങിയ പ്രതിഷേധങ്ങൾ നടന്നു. ഇംഫാൽ വെസ്റ്റ് ജില്ലയിലെ തേര പ്രദേശത്ത് അജ്ഞാതരായ അക്രമികൾ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തു. ബിഷ്ണുപൂർ ജില്ലയിലെ നമ്പോളിൽ, പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അരംബായ് തെങ്കോല്‍ നേതാവ് കാനൻ സിങ്ങിനെയും മറ്റ് നാല് പേരെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ശനിയാഴ്ച മുതലാണ് മണിപ്പൂരിലുടനീളം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ഇംഫാൽ വിമാനത്താവളത്തിൽ വച്ചായിരുന്നു സിങ്ങിനെ അറസ്റ്റ് ചെയ്തത്. 2023ലെ മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കലാപത്തിൽ 260ലേറെ പേർ കൊല്ലപ്പെട്ടിരുന്നു.

