Site iconSite icon Janayugom Online

സ്പെയിനിൽ ഫാസിസ്റ്റ് വിരുദ്ധ പ്രതിഷേധത്തിനിടെ അതിക്രമം; അർധനഗ്നരായ യുവതികളെ കയറിപ്പിടിച്ചു

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഫാസിസ്റ്റ് സ്വേച്ഛാധിപതികളിൽ ഒരാളായിരുന്ന ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ ചരമവാർഷിക ദിനത്തിൽ, അദ്ദേഹത്തിന്റെ അനുയായികൾക്കെതിരെ പ്രതിഷേധിച്ച യുവതികൾക്ക് നേരെ അതിക്രമം. വ്യാഴാഴ്ച മാഡ്രിഡിലെ ഒരു പള്ളിക്ക് പുറത്ത് അർധനഗ്നരായി പ്രതിഷേധിച്ച രണ്ട് യുവതികളുടെ മാറിടത്തിൽ ഒരു പുരുഷൻ കയറിപ്പിടിച്ചെന്നാണ് റിപ്പോർട്ട്.
ഫ്രാങ്കോയുടെ അനുയായികളുടെ നേതൃത്വത്തിൽ പള്ളിയിൽ ദിവ്യബലി നടന്നുകൊണ്ടിരിക്കെയാണ് രണ്ട് സ്ത്രീകൾ ഫാസിസത്തിനെതിരെ പോസ്റ്റർ ഉയർത്തിപ്പിടിച്ചും മുദ്രാവാക്യം വിളിച്ചും അർധനഗ്നരായി പ്രതിഷേധിച്ചത്. ഇതിനിടെ, ഫ്രാങ്കോയുടെ കാലഘട്ടത്തിലെ പതാകയുമായി എത്തിയ ഒരു പുരുഷൻ യുവതികളിൽ ഒരാളുടെ മാറിടത്തിൽ കൈവച്ചു. യുവതി ഒഴിഞ്ഞുമാറുകയും, “സർ, എന്നെ തൊടരുത്!” എന്ന് ആക്രോശിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. യുവതിയുടെ കൂടെയുണ്ടായിരുന്ന ഒരാൾ തടയാൻ ശ്രമിച്ചെങ്കിലും അക്രമി ആക്രമണം തുടർന്നു. പിന്നാലെ ഇയാൾ രണ്ടാമത്തെ സ്ത്രീയുടെ നേർക്ക് തിരിഞ്ഞ് അവരെയും കടന്നുപിടിച്ചു. എങ്കിലും യുവതികൾ പ്രതിഷേധം അവസാനിപ്പിച്ചില്ല. 

സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം, കാഴ്ചക്കാർ യുവതികളെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതും, പള്ളിക്ക് പുറത്ത് പ്രതിഷേധിച്ചതിന് അവരെ ശാസിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഈ അതിക്രമം സ്പെയിനിലുടനീളം വലിയ പ്രതിഷേധത്തിന് കാരണമായി. യുവതികൾക്ക് നേരെയുള്ള ആക്രമണത്തെ അപലപിച്ച് നിരവധി രാഷ്ട്രീയ പ്രവർത്തകരും ആക്ടിവിസ്റ്റുകളും രംഗത്തെത്തി. “അമ്പത് വർഷങ്ങൾ കടന്നുപോയിട്ടും ചിലർ ഒന്നും പഠിച്ചിട്ടില്ല. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളെയും ഒരു സ്വേച്ഛാധിപതിയോടുള്ള ആരാധനയും ഇനിയും പൊറുക്കില്ല,” എന്ന് പ്രതികരിച്ചു. “ക്യാമറകൾക്ക് മുന്നിൽ രണ്ട് സ്ത്രീകളെ ആക്രമിക്കാന്‍ മാത്രം ധൈര്യം,” സ്പെയിനിന്റെ തുല്യതാ മന്ത്രിയായ അന റെഡോണ്ടോ ഗാർസിയ മന്ത്രി എക്‌സിൽ കുറിച്ചു.

Exit mobile version