Site iconSite icon Janayugom Online

ജഹാംഗിര്‍പുരിയിലെ അക്രമം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഇടതുപക്ഷം

jahangirpurijahangirpuri

ജഹാംഗിര്‍പുരിയില്‍ ഹനുമാന്‍ ജയന്തി ദിനത്തില്‍ ഉണ്ടായ അക്രമം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഇടതുപക്ഷം. സിപിഐ, സിപിഐ(എം), സിപിഐ (എംഎല്‍), ഫോര്‍വേര്‍ഡ് ബ്ലോക്ക് ഡല്‍ഹി ഘടകം എന്നിവ നടത്തിയ വസ്തുതാ പഠനത്തിന്റെ റിപ്പോര്‍ട്ട് പുറത്തു വിട്ടുകൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഈ ആവശ്യം മുന്നോട്ടു വച്ചത്.

പൊലീസ് ഒത്താശയോടെയാണ് അക്രമികള്‍ മസ്ജിദിനു മുന്നില്‍ നോമ്പുതുറ പ്രാര്‍ത്ഥനയ്ക്ക് എത്തിയവര്‍ക്കു നേരെ ആക്രമണം അഴിച്ചു വിട്ടത്. പൊലീസ് സ്‌റ്റേഷനുള്ളില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആദേശ് ഗുപ്തയ്ക്ക് വാര്‍ത്താ സമ്മേളനം നടത്താന്‍ പൊലീസ് എന്തിനാണ് അനുമതി നല്‍കിയതെന്ന് നേതാക്കള്‍ ചോദിച്ചു. അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയതുകൊണ്ട് സത്യം പുറത്തു വരില്ല. അന്വേഷണത്തിന്റെ പേരുപറഞ്ഞ് പ്രദേശവാസികളായ ന്യൂനപക്ഷ വിഭാഗത്തിന്റെ വീടുകളുടെ വാതിലുകള്‍ ചവിട്ടിപ്പൊളിച്ചാണ് പൊലീസ് അകത്തു കടക്കുന്നത്. സ്ത്രീകള്‍ക്കെതിരെപോലും പുരുഷ പൊലീസിന്റെ ആക്രമണമാണ് നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രദേശ വാസികള്‍ക്ക് ഇടയിലെ ഐക്യം തകര്‍ക്കാനാണ് അക്രമികള്‍ ലക്ഷ്യമിട്ടതെന്ന് നേതാക്കള്‍ പറഞ്ഞു

തോക്കും വാളും കത്തിയും കുറുവടിയുമായാണ് ശോഭാ യാത്രയില്‍ ബജ്റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തത്. സായുധ സംഘത്തിന് പ്രദക്ഷിണം നടത്താന്‍ പൊലീസ് എങ്ങനെയാണ് അനുമതി നല്‍കുക. ബംഗാളി മുസ്‌ലിങ്ങള്‍ കൂടുതലുള്ള മേഖലയാണ് ജഹാംഗിര്‍പുരി. അക്രമികള്‍ ആയുധങ്ങളുമായി റാലിയായി മുന്നേറുമ്പോള്‍ പൊലീസ് കാഴ്ചക്കാരായി നോക്കി നില്‍ക്കുകയാണുണ്ടായത്. അക്രമികളെ പ്രതിരോധിക്കാന്‍ ആവശ്യമായ പൊലീസ് സംഘം സ്ഥലത്ത് ഇല്ലായിരുന്നു എന്നതും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു.

സിപിഐ സംസ്ഥാന സെക്രട്ടറി ദിനേഷ് വാഷ്ണെ‌, നേതാക്കളായ വിവേക് ശ്രീവാസ്തവ, സഞ്ജീവ് റാണ എന്നിവര്‍ക്ക് പുറമെ രാജീവ് റാണ (സിപിഐ(എം), ആഷാ ശര്‍മ്മ (ജെഎംഎസ്), രവി റായ് (സിപിഐ (എംഎല്‍), അമിത് (ഫോര്‍വേര്‍ഡ് ബ്ലോക്ക്) എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ കക്ഷി സംസ്ഥാന നേതാക്കള്‍ നാളെ രാവിലെ ജന്തര്‍ മന്ദിറില്‍ ധര്‍ണ സംഘടിപ്പിക്കും.

Eng­lish Sum­ma­ry:  Vio­lence in Jahangir­puri: Left demands judi­cial inquiry

You may like this video also

Exit mobile version