തീവണ്ടികളിൽ ടിക്കറ്റ് പരിശോധകർ (ടി ടി ഇ)ക്ക് നേരെയുള്ള ആക്രമണം പതിവാകുമ്പോഴും ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ കുറ്റകരമായ അലംഭാവവുമായി അധികൃതർ. കഴിഞ്ഞ ദിവസം മംഗലാപുരം — തിരുവനന്തപുരം മാവേലി എക്സ്പ്രസിൽ ടി ടി ഇ ആക്രമിക്കപ്പെട്ടതാണ് ട്രെയിനുകളിൽ അക്രമികൾ അഴിഞ്ഞാടുന്ന സംഭവങ്ങളിൽ ഒടുവിലത്തേത്. തീവണ്ടികളിൽ സമയം കഴിച്ചു കൂട്ടുന്നത് യാത്രക്കാർക്ക് മാത്രമല്ല, റെയില്‍വേ ജീവനക്കാർക്കും പേടി സ്വപ്നമായി മാറുകയാണ്. ജോലി ചെയ്യാൻ ഭയപ്പെടുന്ന സാഹചര്യമാണെന്നാണ് കഴിഞ്ഞ ദിവസം അതിക്രമത്തിന് ഇരയായ ടി ടി ഇ പ്രതികരിച്ചത്. കഴിഞ്ഞ മാസമാണ്, എറണാകുളം — പാറ്റ്ന എക്സ്പ്രസിൽ നിന്ന്, ടിക്കറ്റില്ലാത്ത യാത്ര ചെയ്ത ഒഡിഷ സ്വദേശി ടിക്കറ്റ് പരിശോധകനെ പുറത്തേക്ക് തള്ളിയതും എതിർവശത്തെ ട്രാക്കിലേക്ക് തെറിച്ചു വീണ ടി ടി ഇ അതു വഴി വന്ന ട്രെയിൻ കയറി ദാരുണമായി മരണമടഞ്ഞതും. കുറ്റവാളിയെ പിടികൂടി പൊലീസിലേല്പിച്ചത് യാത്രക്കാരാണ്.
തൊട്ടുപിന്നാലെയാണ്, തിരുവനന്തപുരം — കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയായിരുന്ന ഒരു ഭിക്ഷക്കാരൻ ടിക്കറ്റ് പരിശോധകനെ അക്രമിച്ച് പരുക്കേൽപ്പിച്ച സംഭവം. തിരുവനന്തപുരം — ചെന്നൈ മെയിലിൽ ലേഡീസ് കമ്പാർട്ടുമെന്റിൽ യാത്ര ചെയ്തതിനെ ചോദ്യം ചെയ്ത വനിത ടിടിഇ യെ യാത്രക്കാരൻ കയ്യേറ്റം ചെയ്ത സംഭവം കൊല്ലത്തിനടുത്തുമുണ്ടായത്. രണ്ട് മാസത്തിനിടെയാണ് ഈ നാല് സംഭവങ്ങൾ. ഇതിന് പുറമെയാണ് യാത്രക്കാർക്ക് നേരെയുണ്ടാകുന്ന അക്രമ സംഭവങ്ങൾ. 2011 ലെ സൗമ്യയുടെ ക്രൂരമായ കൊലപാതകം മുതൽ നിരവധി സംഭവങ്ങൾ തീവണ്ടികളിൽ അരങ്ങേറിയിട്ടുണ്ട്. എറണാകുളം — പാറ്റ്ന എക്സ്പ്രസിലെ ടി ടി ഇ യുടെ മരണത്തെ തുടർന്ന്, തൊഴിൽ സമയങ്ങളിൽ ജീവന് സംരക്ഷണം തേടി ടിക്കറ്റ് പരിശോധകർ വിവിധ കേന്ദ്രങ്ങളിൽ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. ട്രെയിനുകളിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ടുള്ള യാത്രക്കാരുടെ മുറവിളിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. എല്ലാം പതിക്കുന്നത് ബധിര കർണങ്ങളിലാണ്.
റെയിൽവേയിലെ സുരക്ഷാ വിഭാഗത്തിൽ ആവശ്യത്തിന് ജീവനക്കാരില്ല എന്ന പരാതിക്കും ഏറെ പഴക്കമുണ്ട്. ഇരട്ടി ജോലി ഭാരവും ആൾക്ഷാമവുമാണ് തങ്ങൾ നേരിടുന്ന മുഖ്യ പ്രശ്നമെന്ന് റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സി (ആർ പി എഫ് )ലെ ഉദ്യോഗസ്ഥർ തന്നെ വെളിപ്പെടുത്തുന്നു. 23 കോച്ചുകൾ വരെയുള്ള ദീർഘദൂര വണ്ടികളിൽപ്പോലും ഒരു എഎസ്ഐ യോ എസ്ഐ യോ അടക്കം അഞ്ച് പേരുള്ള ആർ പി എഫ് സംഘത്തിനാണ് സുരക്ഷാച്ചുമതല. സുരക്ഷയൊരുക്കലിന് പുറമെ, പ്ലാറ്റ്ഫോമുകളുടെയും യാത്രക്കാരുടെ ഏരിയയുടെയും യാർഡുകളുടെയും റെയില്‍വേയുടെ സാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥലത്തിന്റെയും ചുമതലയും ആർ പി എഫിന് തന്നെ. ഇതിനു പുറമെ, ശബരിമല സീസൺ പോലുള്ള സമയങ്ങളിൽ സ്പെഷ്യൽ ഡ്യൂട്ടിയുമുണ്ട്. 2019 ന് ശേഷം റിക്രൂട്ട്മെന്റ് നടന്നിട്ടില്ല. ഒരുപാട് പേർ ഈ കാലയളവിൽ വിരമിച്ചു. ഒഴിവ് നികത്താൻ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഇല്ല. വന്ദേ ഭാരത് ഉൾപ്പെടെയുള്ളവ വന്നപ്പോൾ തീവണ്ടികളുടെ എണ്ണം കൂടുകയും ചെയ്തു.
English Summary: Violence on trains becomes common: Authorities unfazed
You may also like this video