കുംഭമേളയ്ക്കിടെ സാമൂഹികമാധ്യമങ്ങളില്‍ വൈറലായ ഇന്ദോര്‍ സ്വദേശിനി മൊണാലിസ സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ്.
കുടുംബം അനുവദിക്കുകയാണെങ്കില്‍ തീര്‍ച്ചയായും താന്‍ സിനിമയില്‍ അഭിനയിക്കുമെന്നായിരുന്നു മൊണാലിസ എന്ന മോനി ബോണ്‍സ്ലെയുടെ പ്രതികരണം.
നിരവധിപേര്‍ മൊണാലിസയെ കാണാന്‍ വന്നതോടെ കുടുംബത്തിന്റെ ഉപജീവനമാര്‍ഗമായ മാല വില്‍പ്പനയെ ബാധിച്ചിരുന്നു.
ഇതോടെ പെണ്‍കുട്ടിയെ നാട്ടിലേക്ക് മടങ്ങിയതെന്നായിരുന്നു റിപ്പോര്‍ട്ട്. സുരക്ഷയെ കരുതി കൂടിയാണ് മൊണാലിസ നാട്ടിലേക്ക് തിരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുംഭമേളയ്ക്കിടെ താന്‍ അസുഖബാധിതയായെന്നും ഇത് മാല വില്‍പ്പനയെ ബാധിച്ചെന്നും മൊണാലിസ കഴിഞ്ഞദിവസം ഒരു അഭിമുഖത്തില്‍ പറഞ്ഞത്. അതേസമയം പത്തുദിവസം കൊണ്ട് താന്‍ 10 കോടി രൂപ സമ്പാദിച്ചുവെന്ന പ്രചരണങ്ങള്‍ വെറുതെയാണെന്ന് പെണ്‍കുട്ടി പറഞ്ഞു.
ഇത്രയേറെ പണം സമ്പാദിച്ചെങ്കില്‍ താനും കുടുംബവും എന്തിനാണ് ഇനിയും മാല വില്‍ക്കുന്നതെന്നായിരുന്നു പെണ്‍കുട്ടിയുടെ ചോദ്യം. തന്റെയും കുടുംബത്തിന്റെയും സുരക്ഷ കൂടി കണക്കിലെടുത്താണ് കുംഭമേളയില്‍നിന്ന് മടങ്ങുന്നതെന്നും അടുത്ത കുംഭമേളയ്ക്കും വരുമെന്നും മൊണാലിസ പറയുകയുണ്ടായി. സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹം പറഞ്ഞതോടെ മുംബൈയില്‍നിന്നുള്ള ചില സിനിമാപ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ബന്ധപ്പെട്ടിരുന്നതായും സൂചനയുണ്ട്.
അഞ്ച് സഹോദരങ്ങളില്‍ ഏറ്റവും ഇളയ പെണ്‍കുട്ടിയാണ് മൊണാലിസ. രണ്ട് സഹോദരന്മാരും രണ്ട് സഹോദരിമാരുമാണ് മൊണാലിസയുടെ മൂത്തവര്‍.

