Site iconSite icon Janayugom Online

വെർച്വൽ ക്ലാസ് റൂം പദ്ധതിക്ക് തലവടി 
ബി ആർ സി യിൽ തുടക്കമായി

പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള വഴി നടപ്പാക്കുന്ന വെർച്വൽ ക്ലാസ് റൂം പദ്ധതിക്ക് തലവടി ബി ആർ സി യിൽ തുടക്കമായി. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സ്കൂൾ പഠനാന്തരീക്ഷം വീട്ടിൽ ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതി യാണ് വെർച്വൽ ക്ലാസ്റും പദ്ധതി. എടത്വ ഒലക്കപ്പാടിയിൽ ബിനോയി മാത്യുവിന്റെയും രാജി ബിനോയിയുടെയും മകനായ നോയൽ മാത്യുവിന് ആരോഗ്യ പരമായ കാരണങ്ങളാൽ ക്ലാസ് റൂം പഠനം സാധ്യമാകാത്ത സാഹചര്യത്തിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി ബി ആർ സി യിൽ നിന്നുള്ള അധ്യാപിക ഐബി ടീച്ചർ വീട്ടിലെത്തി നൽകിയിരുന്ന പഠനാനുഭവം മാത്രമാണ് കുട്ടിക്ക് ലഭിച്ചിരുന്നത്.

എടത്വ സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ നോയൽ മാത്യുവിന് ക്ലാസ് റൂമിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഇനി വീട്ടിലിരുന്ന് കാണാം. ഇതിനുള്ള സജീകരണമാണ് ബി ആർ സി യുടെ നേതൃത്വത്തിൽ സ്കൂളിലും, നോയലിന്റെ വീട്ടിലുമായി തയ്യാറാക്കിയത്. നോയൽ മാത്യുവിന്റെ വീട്ടിൽ സജ്ജീകരിച്ച വെർച്വൽ ക്ലാസ് റും പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം വി പ്രിയ ടീച്ചർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ജയിൻ മാത്യു, തലവടി ബി പി സി ഗോപലാൽ ജി, സ്കൂൾ പ്രിൻസിപ്പാൾ മത്യുകുട്ടി വർഗ്ഗീസ്, ട്രെയിനർമാരായ ഷിഹാബ് നൈന, ജെയ്സൺ പി, സി ആർ സി സി മായാലക്ഷ്മി, സൂര്യ, ബ്ലെസ്സ്, ഐബി ടീച്ചർ എന്നിവർ പങ്കെടുത്തു.

Eng­lish Sum­ma­ry: Vir­tu­al class­room project start­ed in Thalava­di BRC

Exit mobile version