ആന്ധ്രപ്രദേശിന് പുതിയ തലസ്ഥാനം. വിശാഖപട്ടണം ആന്ധ്രയുടെ തലസ്ഥാനമാകുമെന്ന് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിപ്ലോമാറ്റിക് അലയന്‍സ് മീറ്റിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തങ്ങളുടെ പുതിയ തലസ്ഥാനമാകുന്ന വിശാഖപട്ടണത്തേക്ക് എല്ലാവരെയും ക്ഷണിക്കുകയാണെന്നും താനും വിശാഖപട്ടണത്തേക്ക് മാറുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.
അവിഭക്ത ആന്ധ്രയുടെ തലസ്ഥാനം ഹൈദരാബാദ് ആയിരുന്നു. തെലങ്കാന സംസ്ഥാനം രൂപീകരിച്ചപ്പോള്‍ ഹൈദരാബാദ് തെലങ്കാനയുടെ ഭാഗമായി. ഈ വേളയിലാണ് ആന്ധ്രയ്ക്ക് തലസ്ഥാനം നഷ്ടമായത്. അമരാവതി, വിശാഖപട്ടണം, കര്‍ണൂല്‍ എന്നിങ്ങനെ മൂന്ന് തലസ്ഥാനങ്ങള്‍ സ്ഥാപിക്കുമെന്ന് നേരത്തെ ജഗന്‍ റെഡ്ഡി അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്നാണ് വിശാഖപട്ടണം ആന്ധ്രയുടെ തലസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുന്നത്.
2015 ഏപ്രില്‍ 30ന് ആന്ധ്ര പ്രദേശിന്റെ തലസ്ഥാനം അമരാവതിയാണെന്ന് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചിരുന്നു. 2020 ലായിരുന്നു മൂന്ന് നഗരങ്ങളെ തലസ്ഥാനമായി പ്രഖ്യാപിക്കുമെന്ന ജഗന്റെ പ്രഖ്യാപനം. കോടികള്‍ ചെലവിട്ട് അമരാവതിയെ തലസ്ഥാന നഗരിയായി മാറ്റാന്‍ ചന്ദ്രബാബു നായിഡു പദ്ധതി ഒരുക്കിയിരുന്നു. ഇതിന് പിന്നില്‍ അഴിമതി നടന്നു എന്നാണ് ആരോപണം. ഇത് സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്നും ജഗന്റെ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. ചന്ദ്രബാബു നായിഡുവിന്റെ പാര്‍ട്ടി നേതാക്കള്‍ പ്രദേശത്തെ ഭൂമി നേരത്തെ കൈവശപ്പെടുത്തിയിരുന്നുവെന്നും പിന്നീട് വലിയ വിലയ്ക്ക് മറിച്ചുവില്‍ക്കുകയും ചെയ്തു എന്നായിരുന്നു ആരോപണം.
English Summary:Visakhapatnam is now the capital of Andhra
You may also like this video