പ്രേമവഞ്ചനയുടെ വിഷമിറക്കാൻ
നീർവാളം*കൊണ്ടു വിരേചനം ചെയ്തു
പാദങ്ങൾ പൊട്ടുംവരെ നടന്നു.
ദേഹം തളരുംവരെ യോഗ ചെയ്തു
ബോധം കെടുംവരെ മദ്യപിച്ചു
കാറ്റും മഴയും മഞ്ഞുമേറ്റു
കാട്ടുമലയിൽ ട്രക്കിങ്ങിനന് പോയി
കലങ്ങിയ പുഴയിലും
കലിച്ച കടലിലും നീന്തി
ഫുട്ബോൾ കളിച്ചു
പട്ടം പറത്തി
കാറും ലോറിയും വിമാനവും പറത്തി
തലകുത്തി നിന്നു
എപ്പൊഴോ ജീവൻ തിരിച്ചുകിട്ടി
ഒന്നു ചോദിച്ചോട്ടെ,
നമ്മൾ ഒരേ മണ്ണിലെ പ്രാണികളല്ലേ?
കയ്യിലെ വമ്പൻ ടോർച്ച് ആഞ്ഞമർത്തി
ഇരുട്ടിൽ സൂര്യൻ
ഈ അർധഗോളം തെളിക്കുമ്പോൾ
ആ ശുദ്ധരാഷ്ട്രീയത്തെ
നീ എന്തിനു പ്രതിസന്ധിയിലാക്കി?
(ഏതു പ്രേമവഞ്ചനയും
ആദ്യം പ്രതിക്കൂട്ടിലാക്കുന്നത്
പ്രപഞ്ചമനസാക്ഷിയെയത്രേ)
നാം ജീവിക്കുന്ന ഓരോ നിമിഷവും
തൊട്ടടുത്ത നിമിഷം
നമുക്കന്യമായ ഭൂതകാലമായിത്തീരുന്ന
കാലമായ
ഓമനേ നീ ഓർത്തതേയില്ലല്ലോ
* ഉഗ്രവീര്യമുള്ള ഒരു വിരേചനൗഷധം

