Site iconSite icon Janayugom Online

വിഷു ബമ്പർ: ഇതുവരെ വിറ്റഴിച്ചത് 38 ലക്ഷം ടിക്കറ്റുകൾ

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ ടിക്കറ്റ് വില്പനയിൽ കുതിപ്പ് തുടരുന്നു. ഇതുവരെ 38 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചു.
കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചശേഷമുള്ള നറുക്കെടുപ്പായതിനാൽ മികച്ച പ്രതീക്ഷയാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിനുള്ളത്. ഇതുവരെ 42 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇനി രണ്ട് ലക്ഷം ടിക്കറ്റ് കൂടി ഉടൻ അച്ചടിക്കും. പത്തുകോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന ടിക്കറ്റിന് 250 രൂപയാണ് വില. ഈ മാസം 22നാണ് നറുക്കെടുപ്പ്. പരമാവധി 54 ലക്ഷം ടിക്കറ്റുകൾ വരെയാണ് അച്ചടിക്കാൻ കഴിയുക. ടിക്കറ്റ് വില്പനയ്ക്കനുസരിച്ച് ഘട്ടംഘട്ടമായി മാത്രമാണ് അച്ചടിക്കുന്നത്. 2021ൽ 22,80, 000 ടിക്കറ്റുകളാണ് അച്ചടിച്ചത്. കോവിഡ് രണ്ടാം തരംഗമായിരുന്നെങ്കിലും അച്ചടിച്ച മുഴുവൻ ടിക്കറ്റുകളും വിൽക്കാൻ കഴിഞ്ഞു. കഴിഞ്ഞ വർഷം ലൈഫ് ഭവന പദ്ധതിക്ക് കൂടി പ്രയോജനപ്പെടുത്തും വിധം ‘ലൈഫ് വിഷു ബമ്പർ’ എന്ന പേരിലായിരുന്നു അച്ചടിച്ചത്. 34 കോടിയോളം വരുന്ന സമ്മാനങ്ങളാണ് വിതരണം ചെയ്യുക.

54 ലക്ഷം ടിക്കറ്റുകളും പൂർണമായി വിൽക്കാൻ കഴിഞ്ഞാൽ വലിയ തുകയാണ് ഭാഗ്യക്കുറി വകുപ്പിന് ലാഭമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം 12 പേർക്ക്. കൂടാതെ 500 മുതൽ ഒരുലക്ഷം രൂപ വരെയുള്ള മറ്റ് സമ്മാനങ്ങളുമുണ്ട്.

Eng­lish Sum­ma­ry: Vishu Bumper: So far 38 lakh tick­ets have been sold

You may like this video also

Exit mobile version