നാട്ടുല്‍സവമാണെങ്കിലും വിഷു പല നാട്ടിലും പല രീതിയിലാണ് ആഘോഷിക്കാറ്. ചിലയിടത്ത് പടക്കമെല്ലാം പൊട്ടിച്ചുള്ള ഉത്സവ പ്രതീതിയാണെങ്കില്‍ ചിലയിടങ്ങളില്‍ കണി ഒരുക്കുന്നതില്‍ ഒതുങ്ങുന്നു ആഘോഷങ്ങള്‍.…
ഇത്തവണ കുറച്ചൊന്ന് മാറ്റിപ്പിടിച്ചാലോ.… ഒരു വിഷുക്കഞ്ഞിയുണ്ടാക്കാം..
1. വിഷുക്കട്ട
വിഷുവിന്റെ പ്രധാന വിഭവമാണ് വിഷുക്കട്ട .
എങ്ങനെ ഉണ്ടാക്കുകയെന്ന് നോക്കാം …
ചിരകിയ നാളികേരത്തില്‍ അല്‍പം വെള്ളമൊഴിച്ച് ഒന്നാംപാല്‍ നല്ല കട്ടിയില്‍ പിഴിഞ്ഞെടുത്ത് മാറ്റിവെയ്ക്കുക.
പിഴിഞ്ഞെടുത്ത നാളികേരത്തില്‍ അല്‍പം ചൂടുവെള്ളമൊഴിച്ച് രണ്ടാം പാല്‍ എടുക്കുക.
ഇതിലേക്ക് പുതിയ നെല്ലിന്റെ പച്ചരി ഇട്ട് വേവിക്കുക. വെന്തുകഴിഞ്ഞാല്‍ അതിലേക്ക് ഉപ്പ്, ജീരകം, ചുക്ക് എന്നിവയിട്ട് കട്ടയാവുന്നതുവരെ ഇളക്കി കൊണ്ടിരിക്കണം. അടിയില്‍ കരിഞ്ഞു പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
കട്ടയായി കഴിഞ്ഞാല് എണ്ണപുരട്ടിയ പാത്രത്തിലേക്ക് മാറ്റി തണുക്കാന്‍ വയ്ക്കണം. തണുത്ത ശേഷം ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ച് ശര്‍ക്കര നീരോ കറികളോ ചേര്‍ത്ത് കഴിക്കാവുന്നതാണ്..
2. വിഷുക്കഞ്ഞി
പച്ചരിയും ചെറുപയറും കൊണ്ടുണ്ടാക്കുന്ന വിഭവമാണ് വിഷുക്കഞ്ഞി. മധ്യ കേരളത്തിലെ പരമ്പരാഗതമായ ഒരു വിഷു വിഭവമാണിത്. രാവിലെതന്നെ വിഷുക്കഞ്ഞി പാകപ്പെടുത്തും എല്ലാ വീടുകളിലും . ഇപ്പോഴും ഇത് തുടര്‍ന്ന് വരുന്ന തറവാടുകള്‍ ഉണ്ട്.
ചേരുവകള്‍
പച്ചരി-1 കിലോ
ചെറുപയര്‍-അരക്കിലോ
ശര്‍ക്കര-അരക്കിലോ(മധുരം കൂടുതല്‍ വേണ്ടവര്‍ക്കു കൂടുതല്‍ ചേര്‍ക്കാം.)
തേങ്ങാപ്പാല്‍-ഒന്നര തേങ്ങയുടെ
ഒന്നാംപാലും രണ്ടാംപാലും.
നെയ്യ്, അണ്ടിപ്പരിപ്പ്, കിസ്മിസ്,
ഏലയ്ക്കാ, ചുക്ക്-ആവശ്യത്തിന്.
തയ്യാറക്കുന്ന വിധം.,
ചുവടുകട്ടിയുള്ള പാത്രത്തില്‍ ആദ്യം ചെറുപയര്‍ വേവിക്കുക. പയര്‍ ഒരുവിധം വെന്തുതുടങ്ങുമ്പോള്‍ പച്ചരി ഇടണം. അരിയും പയറും തേങ്ങയുടെ രണ്ടാംപാലില്‍ വേവിക്കണം. പാകത്തിനു വെന്തുവരുമ്പോള്‍ നെയ്യും എലയ്ക്കാ പൊടിച്ചതും ചുക്കും നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പും കിസ്മിസും ചേര്‍ത്തിളക്കുക. തേങ്ങയുടെ ഒന്നാംപാല്‍ അവസാനം ഒഴിച്ചു തിളപ്പിച്ചു വാങ്ങിവയ്ക്കാം. വിഷു കഞ്ഞി റെഡി …..
3. വിഷുപ്പുഴുക്ക്
വിഷുവിന് മധുരം മാത്രമല്ല പുഴുക്ക് വളരെ സ്പെഷ്യല്‍ സാധനമാണ്. പുഴുക്ക് ഒരുവിധം എല്ലാ കുടുംബങ്ങളിലും ഉണ്ടാക്കാറുണ്ട്. പലതരം പുഴുക്ക് ഉണ്ടെകിലും വിഷുപുഴുക്ക് എല്ലാവരുടെയും പ്രിയപ്പെട്ടതാണ്.
ആവശ്യമുള്ള സാധനങ്ങള്‍
1. ഇടിച്ചക്ക ‑പകുതി കഷ്ണം
2. മത്തന്‍ (പഴുത്തത്) ‑ഒരു കഷ്ണം
3. വന്‍പയര്‍ ‑1/4 കപ്പ്
4. വാഴക്കായ് ‑ഒരു എണ്ണം
5. അമരക്കായ് ‑അഞ്ച് എണ്ണം
6. മുളകുപൊടി ‑ഒരു സ്പൂണ്‍
7 മഞ്ഞള്‍പ്പൊടി ‑ഒരു സ്പൂണ്‍
8. ഉപ്പ് ‑ആവശ്യത്തിന്
9. വെളിച്ചെണ്ണ ‑ആവശ്യത്തിന്
(മസാലക്ക് ആവശ്യമായ ചേരുവകള്‍)
പച്ചമുളക് ‑രണ്ട്
നാളികേരം ‑ഒരു മുറി
കറിവേപ്പില ‑കുറച്ച് (ഇവ മൂന്നു നന്നായി അരച്ചെടുക്കുക)
തയ്യാറക്കുന്ന വിധം
1,2,4,5 ചേരുവകള്‍ ഇടത്തരം കഷ്ണങ്ങളായി നുറുക്കുക. വന്‍പയര്‍ വേവിച്ച് മാറ്റിവെക്കുക. ചക്ക, വാഴക്ക എന്നിവ വേവിക്കുക. ഇവപകുതി വെന്തുകഴിയുമ്ബോള്‍ അമരക്കയും മത്തനും ചേര്‍ക്കുക. വെന്തുവരുമ്പോള്‍ നേരത്തെ വേവിച്ച വന്‍പയര്‍, മുളക് പൊടി, മഞ്ഞള്‍പ്പൊടി, ആവശ്യത്തിന് ഉപ്പ്, തയ്യാറാക്കി വെച്ചിരിക്കുന്ന മസാല എന്നിവ ചേര്‍ത്ത് തിളപ്പിയ്ക്കുക. വാങ്ങാറാകുമ്പോള്‍ കുറച്ച് വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് ഇളക്കിവാങ്ങിവെക്കുക