Site iconSite icon Janayugom Online

സാരിയിൽ വിരിഞ്ഞ കൊന്നപ്പൂക്കൾ: വിഷുക്കാലത്ത് ട്രെൻഡായി കണിക്കൊന്ന സാരി

ആകർഷകങ്ങളായ ഡിസൈനുകൾ ഒരുക്കി വിഷുവിനെ വരവേൽക്കാൻ വസ്ത്രവ്യാപാര മേഖല. കണിക്കൊന്ന പൂക്കൾ ഹാൻഡ് എബ്രോയ്ഡറിയായി ചെയ്തെടുത്തതും മ്യൂറൽ പെയിന്റിംഗ് ചെയ്തതുമായ കേരള സാരിയും സെറ്റുമുണ്ടും ധാവണിയുമാണ് വിപണിയിൽ ഇത്തവണത്തെ പ്രത്യേകത. ഗോൾഡൻ കസവ് സാരിക്കൊപ്പം മഞ്ഞ നിറത്തിലുള്ള കൊന്നപ്പൂക്കളും പച്ച നിറത്തിൽ ഇലകളും ബ്ലൗസിൽ മയിൽപ്പീലി ഡിസൈനും കൂടി ചേരുമ്പോൾ വിഷുക്കോടിക്ക് പുതുമോടി. ആയിരം മുതൽ ആയിരത്തഞ്ഞൂറ് രൂപ വരെയാണ് മ്യൂറൽ പെയിന്റിംഗിലൂടെ കണിക്കൊന്ന പൂവ് വരച്ച സാരികളുടെ വില. ഹാൻഡ് എബ്രോയ്ഡറിക്ക് മൂവായിരത്തിന് മുകളിലാണ് വില. പതിനായിരത്തിന് മുകളിൽ വില വരുന്ന വിഷു സാരികൾ ഉൾപ്പെടെ വിപണിയിലുണ്ട്.

കോവിഡ് പ്രതിസന്ധികൾക്ക് ശേഷം എത്തുന്ന വിഷു ആഘോഷത്തിന്റെ ഭാഗമായി നല്ല രീതിയിൽ വിൽപ്പന നടക്കുന്നുണ്ടെന്ന് വസ്ത്ര ഡിസൈനറും വിൽപ്പനക്കാരനുമായ കോഴികകോട് ചെറുകുളം സ്വദേശി വിപിൻ ജയരാജ് പറഞ്ഞു. കോട്ടണിലും ടിഷ്യുവിലും പവർലൂം കസവിലാണ് തുണി വരുന്നത്. തമിഴ്‌നാട്ടിൽ നിന്നെത്തുന്ന സാരിയിൽ കൊന്നപ്പൂ ഡിസൈൻ മ്യൂറൽ പ്രിന്റിംഗ് ചെയ്യുന്നത് പാലക്കാട് വെച്ചാണ്. കഴിഞ്ഞ വിഷുവിന് ഏറെ സ്വീകരിക്കപ്പെട്ടത് തുളസി കതിർ ഡിസൈനായിരുന്നു. കൃഷ്ണൻ, രാധ, കഥകളി, മയിൽ, മയിൽപ്പീലി, ഗോൾഡൻ, സിൽവർ കസവുകൾ എന്നിവയാണ് വിഷു ഉൾപ്പെടെയുള്ള ആഘോഷ കാലത്ത് ഏറെ സ്വീകരിക്കപ്പെടുന്നത്. ഇത്തവണ കണിക്കൊന്നയാണ് കൂടുതൽ ആളുകളെ ആകർഷിക്കുന്നതെന്നും വിപിൻ ജയരാജ് വ്യക്തമാക്കി.

കേരള സാരിയിലും സെറ്റുമുണ്ടിലും വരുന്ന പുതിയ ഡിസൈനുകൾ സാധാരണ ആളുകൾ സ്വീകരിക്കാൻ സമയമെടുത്തിരുന്നു. എന്നാൽ അടുത്ത കാലത്താണ് ഇറങ്ങുന്ന ഡിസൈനുകൾ വലിയ ട്രെൻഡായി മാറുന്ന സ്ഥിതിയാണുള്ളത്. കുറച്ചു നാളുകളായി നല്ല രീതിയിൽ വിഷു ആഘോഷിക്കാൻ കഴിയാതെ പോയ മലയാളികൾ ഇത്തവണ നല്ല രീതിയിൽ തന്നെ വിഷുവിനെ വരവേൽക്കുമ്പോൾ കൂടുതൽ മികച്ച വ്യാപരം നടക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. പാരമ്പര്യം കൈവിടാതെ ആകർഷകവും വ്യത്യസ്തവുമായ ഡിസൈനാണ് കണിക്കൊന്നയിലൂടെ കൊണ്ടുവന്നിരിക്കുന്നത്. ഫാഷൻ രംഗത്തെ മാറ്റങ്ങൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന മലയാളികളികൾക്കിടയിലേക്ക് ഇത്തരത്തിൽ നിരവധി വ്യത്യസ്തതകളാണ് ഈ വിഷുക്കാലത്ത് എത്തുന്നത്.

Exit mobile version