ഗൾഫ് മലയാളികളുടെ വിഷു ആഘോഷത്തിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി നാലു ദിവസങ്ങളിലായി 1500ൽപ്പരം ടൺ പച്ചക്കറി കയറ്റി അയയ്ക്കും. ഇതിൽ കൂടുതലും വിഷുക്കണി കാണാനുള്ള വിഭവങ്ങളാണ്. കഴിഞ്ഞ വർഷം 1300 ടൺ പച്ചക്കറിയാണ് വിഷു സീസണിൽ കൊച്ചിയിൽനിന്നു കയറ്റുമതി ചെയ്തത്.
ഇത്തവണ യാത്രാ വിമാനങ്ങളിലാണ് അധികവിഭവങ്ങളും കയറ്റി അയയ്ക്കുന്നത്. രണ്ടു കാർഗോ വിമാനങ്ങളും ക്രമീകരിക്കും. കണിക്കൊന്ന, കണി വെള്ളരിക്ക, ചക്ക, മാങ്ങ, അച്ചിങ്ങ, കുമ്പളങ്ങ, തക്കാളി, വെണ്ടക്ക, മുരിങ്ങക്കായ, മത്തങ്ങ, കോവയ്ക്ക തുടങ്ങിയവയാണ് പ്രധാനമായും കയറ്റിവിടുന്നത്. വിമാനത്താവളത്തിന്റെ സമീപ പ്രദേശങ്ങളിൽനിന്നുള്ള കൃഷിക്കാരിൽനിന്നു സംഭരിക്കുന്ന കാർഷികവിഭവങ്ങൾക്കൊപ്പം തമിഴ്‌നാട്ടിൽനിന്നു കൊണ്ടുവരുന്ന സാധനങ്ങളും കയറ്റി അയയ്ക്കുന്നുണ്ട്.
ഈ വർഷം 20030.150 ടൺ സാധനങ്ങളാണ് കയറ്റി വിട്ടത്. കഴിഞ്ഞവർഷം ഈ കാലയളവിൽ 14898.305 ടൺ വിഭവങ്ങളാണ് കയറ്റി വിട്ടത്. ചെങ്കടലിലെ കടൽക്കൊള്ളക്കാരുടെ ഭീഷണിമൂലം കപ്പൽഗതാഗതം തടസപ്പെട്ടതാണ് വ്യോമമാർഗമുള്ള കാർഗോ കയറ്റുമതി വർധിക്കാൻ കാരണം. പൂക്കൾ, പഴം, പച്ചക്കറി, മാംസം, മത്സ്യം തുടങ്ങിയ സാധനങ്ങളുടെ കയറ്റുമതിയാണ് കൂടിയത്.
English Summary: Vishukani of expatriates; 1500 tons of vegetables to Gulf
You may also like this video