Site iconSite icon Janayugom Online

വിഷുപ്പുലരി

വിഷുവന്നെത്തി വിഷുപ്പക്ഷിതന്‍ വിളിക്കൊപ്പം
വിടരും കണിക്കൊന്ന ചൊരിയും പ്രഭാപൂരം
മലയില്‍ മഴമേഘപാളികളാഘോഷത്തിന്‍
ഉലയിലൂതിക്കാച്ചും വര്‍ണരേണുക്കള്‍ നീളേ
ദാഹനീരിനായ്‌ കേഴും മണ്ണിനു പുതുവര്‍ഷം
തുള്ളിനീരടര്‍ന്നുടലുണര്‍ത്തും പുളകങ്ങള്‍
ആടിപോയ് ‌മറഞ്ഞു സംക്രാന്തിതന്നറക്കുള്ളില്‍
ചൂടിവന്നെത്തി പൊന്നിന്‍കിരണം പ്രഭാതമായ്
കിളിപാടുന്നു പുതുവത്സരപ്പിറവിതന്‍
പുളകം നിറയുന്നൊരുത്സവപ്പെരുമകള്‍
പുത്തനാം ഉടുപ്പുലഞ്ഞുണരും പൂമേനിയില്‍
മുത്തമിട്ടോടും കുളിര്‍കാറ്റിന്റെ കുസൃതികള്‍
ധനധാന്യങ്ങള്‍ കണിക്കൊന്ന കായ്‌കനികളും
നിനവിലൊരുക്കുന്നൊരമ്മതന്‍ വാത്സല്യമായ്‌
ഓട്ടുരുളിയില്‍ കണിക്കാഴ്‌ചതന്‍ പ്രഭാപൂരം
ചേര്‍ത്തു നിര്‍ത്തുമാറുണ്ണിക്കണ്ണന്റെ കടാക്ഷങ്ങള്‍
ഓാര്‍ത്തെടുക്കുവാന്‍ വിളവെടുപ്പിന്‍ വിളംബരം
പാര്‍ത്തുനിന്നൊരീ നാടിന്‍ നാട്ടാരിന്‍ പ്രതീക്ഷകള്‍
വര്‍ത്തമാനത്തില്‍ ഭൂതം ഭാവിയുമണിചേരും
സത്തയായ്‌ സായൂജ്യമായ്‌ നാട്ടിലെത്തുന്നു വിഷു

Exit mobile version