Site iconSite icon Janayugom Online

വിസ്മയകേസ്; വിധി 23ന്

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആയുര്‍വേദ വിദ്യാര്‍ത്ഥിനിയായിരുന്ന വിസ്മയ ആത്മഹത്യ ചെയ്ത കേസിലെ വാദം പൂര്‍ത്തിയായി. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്ത് 23ന് വിധി പറയും. 2021 ജൂണ്‍ 21നാണ് വിസ്മയ മരിച്ചത്.

2019 മെയ് 31ന് വിവാഹിതയായ വിസ്മയയെ സ്ത്രീധനത്തിനുവേണ്ടി ഭര്‍ത്താവ് കിരണ്‍കുമാര്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ഇതിനെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. വിസ്മയ കൂട്ടുകാരികള്‍ക്കും ബന്ധുക്കള്‍ക്കും വാട്സ്ആപ്പിലുടെയും മറ്റും അയച്ച സന്ദേശങ്ങള്‍ ഫോണുകളില്‍ നിന്നും സൈബര്‍ വിദഗ്ദ്ധരുടെ സഹായത്തോടെ ശേഖരിച്ച് തെളിവായി പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു.
മൂന്നുമാസത്തിനുള്ളില്‍ കുറ്റപത്രം തയ്യാറാക്കിയ കേസില്‍ ആറുമാസത്തിനുള്ളില്‍ വിചാരണ ആരംഭിക്കുകയും ചെയ്തു.

2022 മെയ് 11ന് കോടതിയില്‍ ഹാജരാക്കിയ ഫോണിലെ സംഭാഷണവും മറ്റും തുറന്ന കോടതിയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. സ്ത്രീധനമരണം (304 ബി), സ്ത്രീധന പീഡനം (498 എ), ആത്മഹത്യ പ്രേരണ (306), ഉപദ്രവിക്കുക (323), ഭീഷണിപ്പെടുത്തുക (506(1)) എന്നീ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ സ്ത്രീധനം ആവശ്യപ്പെടുക, സ്വീകരിക്കുക (സെക്ഷന്‍ 3, 4) എന്നീ വകുപ്പുകളുമാണ് പ്രതിക്കെതിരേ പ്രോസിക്യൂഷന്‍ ഉന്നയിച്ചത്.

വിസ്തരിച്ച 42 സാക്ഷികളില്‍ നിന്നും 120 രേഖകളില്‍ നിന്നും 12 മുതലുകളില്‍ നിന്നും കുറ്റകൃത്യം പൂര്‍ണമായി തെളിഞ്ഞതായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു.

പ്രതിഭാഗത്തുനിന്നും രണ്ട് സാക്ഷികളെയും നാല്പത് രേഖകളും ഹാജരാക്കിയിരുന്നു. വിസ്മയയുടെ മരണം സംഭവിച്ച് ഒരുവര്‍ഷം പൂര്‍ത്തിയാകുംമുമ്പേ വിചാരണ നടപടികള്‍ മുഴുവന്‍ പൂര്‍ത്തിയാക്കി വിധിപ്രസ്താവന നടത്തുന്നു എന്ന അപൂര്‍വ്വതയും ഈ കേസിനുണ്ട്.

ഏറെ വിവാദമായ ഉത്ര വധക്കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. മോഹന്‍രാജാണ് വിസ്മയകേസില്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. ശാസ്താംകോട്ട ഡിവൈഎസ്‌പി രാജ്കുമാറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.

Eng­lish summary;vismaya case; Judg­ment on 23rd

you may also like this video;

Exit mobile version