രാജ്യത്തെ 100 കോടി പേര്‍ക്ക് നേത്ര സംരക്ഷണമോ കണ്ണടകളോ ലഭിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ). ലോകത്ത് 220 കോടിയാളുകള്‍ കാഴ്ചക്കുറവുമായി ജീവിക്കുന്നതായും ഡബ്ല്യുഎച്ച്ഒ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കൃത്യമായ നേത്രസംരക്ഷണം നടപ്പാക്കിയിരുന്നെങ്കില്‍ ഇതില്‍ പകുതിയോളം പേര്‍ക്ക് ഈ അവസ്ഥയെ തരണം ചെയ്യാമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകത്തെ 90 ശതമാനം കാഴ്ച വൈകല്യമുള്ളവരും അന്ധരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നോ ഇടത്തരം സാമ്പത്തിക രാജ്യങ്ങളില്‍ നിന്നോ ആണ്. ആഗോള തലത്തില്‍ കാഴ്ച വൈകല്യം മൂലം 41,070 കോടി ഡോളറിന്റെ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. എന്നാല്‍ ഇവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നതിന് 2480 കോടി ഡോളര്‍ മാത്രമാണ് ചെലവ് വരുന്നത്.
കിഴക്കൻ, ദക്ഷിണേഷ്യൻ രാജ്യങ്ങളായ തായ്‌വാൻ, ദക്ഷിണ കൊറിയ, ചൈന. സിംഗപ്പൂര്‍, ജപ്പാൻ എന്നിവിടങ്ങളില്‍ ഹ്രസ്വദൃഷ്ടി പ്രശ്നങ്ങള്‍ വര്‍ധിച്ചുവരുന്നതായും രണ്ടില്‍ ഒരാള്‍ കണ്ണടധരിക്കുന്നതായും വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. ലോകാരോഗ്യ സംഘടനയുടെ സ്പെക്സ് 2030 നയം സ്വീകരിക്കാന്‍ രാജ്യങ്ങള്‍ തയ്യാറായാല്‍ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്ന് ഇന്ത്യൻ വിഷൻ ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ വിനോദ് ഡാനിയേല്‍ അഭിപ്രായപ്പെട്ടു. എല്ലാവര്‍ക്കും താങ്ങാവുന്നതും ഗുണമേന്മയുമുള്ള സേവനം ലഭ്യമാക്കുന്നതിലൂടെ നേത്ര സംരക്ഷണം ഉറപ്പാക്കണമെന്നതാണ് ലോകാരോഗ്യ സംഘടനയുടെ സ്പെക്സ് 2030 നയം. രാജ്യത്തെ അഞ്ച് മുതല്‍ എട്ട് ശതമാനം കുട്ടികളില്‍ കാഴ്ച വൈകല്യമുണ്ടെന്നും കോവിഡാനന്തരം ഇത് 25 ശതമാനമായി വര്‍ധിച്ചതായും ഏഷ്യ പസഫിക് കൗണ്‍സില്‍ ഓഫ് ഒപ്ടേമെട്രി പ്രസിഡന്റ് രാജീവ് പ്രസാദ് ചൂണ്ടിക്കാട്ടി.
പത്തടി അകലം പാലിച്ച് ടിവി കാണാനാണ് നേരത്തെ കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ കോവിഡ് കാലത്ത് അധ്യയനം ഓണ്‍ലൈന്‍ ആയതോടെ കുട്ടികള്‍ക്കിടയിലെ ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും ഉപയോഗം വര്‍ധിച്ചു. ഇത് കാഴ്ചക്കുറവിലേക്ക് നയിക്കുന്നതായും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്കിടയിലെ കാഴ്ചപ്രശ്നങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകരുതെന്നും അത് തിരുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും രാജീവ് പ്രസാദ് അഭിപ്രായപ്പെട്ടു.
English Summary: visually impaired people
You may also like this video