വെള്ളപ്പാണ്ട് (vitiligo) ഉണ്ടായിരുന്ന പ്രശസ്ത കലാകാരന്‍ മൈക്കിള്‍ ജാക്സണ്‍-ന്റെ ഓര്‍മ്മ ദിനമാണ് ലോക വെള്ളപ്പാട് ദിനമായി ആചരിച്ചു വരുന്നത്. വെള്ളപ്പാണ്ടിനെക്കുറിച്ചുള്ള ബോധവല്‍ക്കരണവും ഈ അവസ്ഥയിലുള്ളവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ഉദ്ദേശിച്ചാണ് ഈ ദിനം ആചരിക്കുന്നത്. എന്നാല്‍ ഒരു ദശാബ്ദത്തിലേറെയായിട്ടും വെള്ളപ്പാണ്ടിനെക്കുറിച്ച് പല മിഥ്യാധാരണകളും ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്.
1. വെള്ളപ്പാണ്ട് പകര്‍ച്ച വ്യാധിയാണോ?
അല്ല. ഹസ്തദാനത്തിലൂടെയോ, ആലിംഗനത്തിലൂടെയോ, വായുവിലൂടെയോ, വെള്ളത്തിലൂടെയോ, ആഹാരത്തിലൂടെയോ, പകരുന്ന ഒരു അവസ്ഥയല്ല വെള്ളപ്പാണ്ട്. അതുകൊണ്ടു തന്നെ ഇത് ബാധിച്ചവരെ കല്യാണം കഴിക്കാനോ, ഒരുമിച്ച് താമസിക്കാനോ, ഒരുമിച്ച് ഭക്ഷണം കഴിക്കാനോ, കളിക്കാനോ ഒരു തടസ്സവുമില്ല.
2. വെള്ളപ്പാണ്ട് അണുബാധയാണോ?
അല്ല. ചര്‍മ്മത്തിനു നിറം നല്‍കുന്ന കോശമായ മെലാനോസൈറ്റിനോട് (Melanocyte) നമ്മുടെ തന്നെ രോഗപ്രതിരോധശക്തി പ്രതികരിക്കുന്നതു മൂലം മെലാനോസൈറ്റിന്റെ പ്രവര്‍ത്തനം കുറയുകയും ചില ഭാഗങ്ങളില്‍ മലാനിന്‍ (Melanin) എന്ന പിഗ്മെന്റ് കുറയുകയും ചെയ്യുന്നു. മെലാനോസൈറ്റിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുന്ന രാസവസ്തുക്കളുടെയും Growth factor‑ന്റെയും അഭാവം മൂലവും അതിന്റെ പ്രവര്‍ത്തനം കുറയാം. ഇങ്ങനെ മെലാനിന്‍ കുറഞ്ഞ ഭാഗങ്ങള്‍ വെളുത്ത് കാണപ്പെടുന്നു.
3. വെള്ളപ്പാണ്ട് ശരീരം മുഴുവനും വരുമോ?
ശരീരത്തിന്റെ ഏത് ഭാഗത്തും vitiligo വരാം. സാധാരണ വെള്ളപ്പാണ്ടിനെ രണ്ടായി തരംതിരിക്കാം.
· Non segmental Vitiligo — ശരീരത്തിന്റെ പല ഭാഗങ്ങളില്‍ ബാധിക്കാം.
· Segmental Vitiligo — ശരീരത്തിലെ ചില ഭാഗങ്ങളില്‍ മാത്രം കാണപ്പെടുന്നു.
4. ആഹാര രീതി കൊണ്ട് വെള്ളപ്പാണ്ട് വരുമോ?
വെള്ളപ്പാണ്ടും ആഹാരവുമായി യാതൊരു ബന്ധവും ശാസ്ത്രീയ പഠനങ്ങളിലൂടെ തെളിയിച്ചിട്ടില്ല.
5. Vitiligo പാരമ്പര്യമായി ഉണ്ടാകുന്നതാണോ?
ജനസംഖ്യയുടെ ഏകദേശം 1% ആള്‍ക്കാരെ വിറ്റിലിഗോ ബാധിക്കുന്നുണ്ട്. പല ഘടകങ്ങള്‍ മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ് വെള്ളപ്പാണ്ട്. വിറ്റിലിഗോ ബാധിച്ച 20% — 30% വരെ ആളുകളുടെ അടുത്ത ഒരു ബന്ധുവിനും വിറ്റിലിഗോ കണ്ടു വരുന്നുണ്ട്.
6. ശരീരത്തിലുണ്ടാകുന്ന എല്ലാ വെള്ള പാടുകളും Vitiligo ആണോ?
അല്ല, പല അസുഖങ്ങള്‍ ശരീരത്തില്‍ വെളുത്ത പാടായി പ്രത്യക്ഷപ്പെടാറുണ്ട്. ഒരു ഡോക്ടറുടെ സഹായത്തോടെ അത് സ്ഥിതീകരിക്കുകയും ചികിത്സ നേടുകയും വേണം.
7. ചികിത്സിച്ചാല്‍ ഭേദമാകുമോ?
സങ്കീര്‍ണ്ണമായ പല ഘടകങ്ങള്‍ മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ് Vitiligo. പ്രത്യേകിച്ചും ഓട്ടോ ഇമ്മ്യൂണിറ്റി — അത് ഓരോ രോഗിയിലും വ്യത്യസ്തപ്പെട്ടിരിക്കുന്നതിനാല്‍ ചികിത്സാരീതികളും വ്യത്യസ്തപ്പെട്ടിരിക്കുന്നു.
കൃത്യതയോടെ നിങ്ങളുടെ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയാണെങ്കില്‍ വെള്ളപ്പാണ്ട് വ്യാപിക്കുന്നത് തടുക്കാനും നിറം വീണ്ടെടുക്കാനും സാധിക്കും. എന്നാലും പുതിയ പാടുകള്‍ പ്രത്യക്ഷപ്പെടാം.
8. വെള്ളപ്പാണ്ട് ഉള്ളവര്‍ എന്തൊക്കെ ശ്രദ്ധിക്കണം?
· വൈകാരിക സമ്മര്‍ദ്ദം വെള്ളപ്പാണ്ടിനെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഈ അവസ്ഥയെക്കുറിച്ച് മനസ്സിലാക്കുക, തൊലിയില്‍ നിറമില്ലായെന്നതൊഴിച്ചാല്‍ അവിടുത്തെ തൊലി തികച്ചും സാധാരണയായി കാണപ്പെടുന്നു.
· ആഹാരത്തില്‍ വ്യത്യാസം വരുത്തേണ്ടതില്ല, എന്നാല്‍ സമീകൃതാഹാരം കഴിക്കുന്നത് എല്ലാ വ്യക്തികളെയും പോലെ നല്ലതാണ്.
· നിങ്ങളുടെ സംശയങ്ങളും ഉത്കണ്ഠകളും ഡോക്ടറോട് പങ്കുവയ്ക്കുക.
· സ്‌കൂളില്‍ പോകുന്ന കുട്ടികളാണെങ്കില്‍ രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരുമായി സംസാരിക്കുകയും മറ്റു കുട്ടികളെ ബോധവല്‍ക്കരിക്കുകയും വേണം.
ഈ ഒരു അവസ്ഥയെ പറ്റി അവബോധം ഉണ്ടാവുകയാണെങ്കില്‍ ഇതിനോടുള്ള വിമുഖത തീര്‍ത്തും ഇല്ലാതാകും. ലോകത്തിന്റെ പല കോണുകളില്‍ ഉള്ള ആള്‍ക്കാരും നേരിടുന്ന ഒരു അവസ്ഥയാണിത്. നിങ്ങളുടെ സ്വപ്നങ്ങള്‍ക്കൊന്നും ഒരു രീതിയിലും ഇത് തടസ്സമാകില്ല എന്നത് മനസ്സിലാക്കി ആത്മധൈര്യത്തോടെ ജീവിതം ആസ്വദിക്കുക.
English Summary: vitiligo is not an infectious disease; The color can be restored, if the instructions are followed
You may like this video also