കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതിയ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരള ഘടക രൂപീകരണ യോഗം നടന്ന പാറപ്രത്തെ വിവേകാനന്ദ വായനശാല‑ഗ്രന്ഥാലയം പുനഃസ്ഥാപിക്കപ്പെടുന്നു. 84 വർഷം മുമ്പ് 1939 ഡിസംബർ മാസാവസാനം സിപിഐ കേരള ഘടകം രൂപീകരിച്ച വേദിയായ വായനശാല 1950നോടടുപ്പിച്ച് തകർന്നുപോവുകയായിരുന്നു. ഇതാണ് വീണ്ടും പുനഃസ്ഥാപിക്കുന്നത്. പുനഃസ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം മേയ് 12ന് പാറപ്രത്ത് വച്ച് നടക്കും.
കോൺഗ്രസിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് 1935ൽ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി ആയിരുന്ന എം പി ദാമോദരന്റെ അധ്യക്ഷതയിൽ പാറപ്രത്ത് ചേർന്ന സമ്മേളനത്തിൽ വച്ച് തലശേരി ബാറിലെ പ്രമുഖ അഭിഭാഷകനും കോൺഗ്രസ് നേതാവുമായിരുന്ന കെ ടി ചന്തുനായരായിരുന്നു വായനശാലയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഇവിടെ വച്ച് 1939 ഡിസംബർ മാസം അവസാനമായിരുന്നു കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടിയായി രൂപാന്തരപ്പെട്ടത്.
പിന്നീട് 1950–53 കാലഘട്ടങ്ങളിലായി വായനശാല തകർന്ന് പോകുകയായിരുന്നു. വായനശാലയുടെ പുനഃസ്ഥാപനത്തിന്റെ ഭാഗമായി നടക്കുന്ന പുസ്തക സമാഹരണത്തിന് ലോക പുസ്തക ദിനത്തിൽ തുടക്കമായി. പിണറായി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും വായനശാല പ്രസിഡന്റുമായ പി പ്രമീള, സെക്രട്ടറി എം മഹേഷ് കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
English Summary: Vivekananda Library Restoration: Book Collection Begins
You may also like this video