Site iconSite icon Janayugom Online

വിഴിഞ്ഞം നിയമസഭാ ചര്‍ച്ചയ്ക്ക്

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സമരവും സംഭവങ്ങളും സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി. പ്രമേയത്തിന് അനുമതി തേടിയുള്ള പ്രസംഗത്തിന് നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയ്ത്ത് തയാറാണെന്ന് വ്യക്തമാക്കിയത്. വളരെ ഗുരുതരമായ വിഷയമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഉച്ചക്ക് ഒരു മണി മുതല്‍ മൂന്ന് മണി വരെ  ചര്‍ച്ച നടത്താമെന്ന് നിയമസഭയെ അറിയിച്ചു. ഇതിന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ അനുവാദം നല്‍കി.

സഭാനടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ചയാകാമെന്ന സര്‍ക്കാര്‍ നിലപാട് യുഡിഎഫിനെയാണ് വെട്ടിലാക്കുന്നത്. യുഡിഎഫ് തുടക്കമിട്ട പദ്ധതി സംസ്ഥാന സര്‍ക്കാരിന് അധികാരമുന്‍തൂക്കത്തോടെ എന്ന നിലയില്‍ ഭേദഗതികളോടെ എല്‍ഡിഎഫ് ഏറ്റെടുത്ത് നടപ്പാക്കിയ ഒന്നാണ്. അഡാനിക്ക് സമ്പൂര്‍ണാധിപത്യം ലഭിക്കുംവിധത്തിലായിരുന്നു യുഡിഎഫ് കാലത്തെ കരാറുകള്‍. ഇതിനെതിരെ ഇടതുപക്ഷമടക്കം അന്ന് പ്രത്യക്ഷസമരത്തിനും നേതൃത്വം നല്‍കി. ഇടതുമുന്നണി പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത രീതിയില്‍ പദ്ധതിയില്‍ ഇടപെടുകയും സര്‍ക്കാരിന് അധികാരം ലഭിക്കുന്ന തരത്തില്‍ മാറ്റിയാണ് പദ്ധതിയുടെ മേല്‍നോട്ടം ഏറ്റെടുത്തത്.

ഇന്ന് സഭയില്‍ വിഷയം ചര്‍ച്ചയാവുന്നതോടെ യുഡിഎഫ് അംഗങ്ങളുടെ നിലപാടുകള്‍ രേഖയില്‍ വരും. വ്യത്യസ്ഥ നിലപാടുകളാണ് വിഴിഞ്ഞം പദ്ധതിയും അവിടെ നടക്കുന്ന സമരവുമായി യുഡിഎഫിലെ വിവിധ കക്ഷികളും അംഗങ്ങളും ഇതുവരെ പുറത്ത് പ്രഖ്യാപിച്ചിരുന്നത്. സര്‍ക്കാര്‍ വിഴിഞ്ഞം വിഷയത്തില്‍ എടുത്ത നടപടിക്രമങ്ങള്‍ നിയമസഭയില്‍ ഇന്ന് അവതരിപ്പിക്കപ്പെടും. കഴിഞ്ഞ ദിവസം സമരസമിതി നേതാക്കളുമായി ചീഫ് സെക്രട്ടറി വി പി ജോയ് ഔദ്യോഗികമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിഷയം കൈകാര്യം ചെയ്യുന്ന മന്ത്രിതല ഉപസമിതി ഇതിനകം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഇന്ന് വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രിയുമായി മന്ത്രിതല ഉപസമിതി അംഗങ്ങള്‍ ചര്‍ച്ച നടത്തുന്നുമുണ്ട്.

സമരസമിതി നേരത്തെ ആവശ്യപ്പെട്ടതില്‍ അഞ്ച് ആവശ്യങ്ങളും അംഗീകരിച്ചിരുന്നു. വിഴിഞ്ഞം പദ്ധതി നിര്‍ത്തിവയ്ക്കണം എന്ന ആവശ്യമാണ് അംഗീകരിക്കാതിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ചീഫ് സെക്രട്ടറിയുമായുള്ള ചര്‍ച്ചയില്‍ പുതിയ ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അതില്‍ തീരശോഷണം സംബന്ധിച്ച് പഠിക്കുന്ന സമിതിയില്‍ പ്രാദേശിക വിദഗ്ധരെക്കൂടി ഉള്‍പ്പെടുത്തണമെന്നതാണ് പ്രധാനം.

 

Eng­lish Sam­mury: Assem­bly will dis­cuss Vizhin­jam strike

 

Exit mobile version