Site iconSite icon Janayugom Online

2024 മേയില്‍ വിഴിഞ്ഞം തുറമുഖം പൂർണപ്രവർത്തനസജ്ജമാകും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

2024 മേയ് മാസത്തില്‍ വിഴിഞ്ഞം തുറമുഖം പൂർണമായും പ്രവർത്തന സജ്ജമാകുവെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. കപ്പൽ അടുക്കുന്നതിനുള്ള ബെർത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനമാണ് ഇപ്പോൾ നടക്കുന്നത്. 800 മീറ്റർ നീളമുള്ള ബെർത്തിൽ 400 മീറ്റർ നിര്‍മ്മാണം പൂർത്തിയായി. ഏറ്റവും വലിയ കപ്പല്‍ അടുക്കാന്‍ ഇതു തന്നെ ധാരാളമാണെന്നും മന്ത്രി പറഞ്ഞു. കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം കേസരി ഹാളിൽ നടത്തിയ മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ മലയാളികള്‍ക്കുള്ള ഓണസമ്മാനമായി വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ സെപ്റ്റംബറില്‍ എത്തുമെന്നും മന്ത്രി വ്യക്തമാക്കി. ചൈനയില്‍ നിന്നും ക്രെയിനുകള്‍ വഹിച്ചുകൊണ്ടുള്ള കപ്പലാകും ആദ്യം എത്തുക. 

3100 മീറ്റർ നീളമുള്ള പുലിമുട്ടിന്റെ നിര്‍മ്മാണം ഏതാണ്ട് പൂര്‍ണതയിലെത്തുകയാണ്. 2350 മീറ്റർ നീളം ഇതുവരെ പൂർത്തിയായി. ഇനി 30 ലക്ഷം ടൺ കല്ലുകൾ കൂടി വേണം. കല്ല് ലഭ്യമാകാനുള്ള പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതിനു തമിഴ്നാട് സര്‍ക്കാരുമായി സംസാരിച്ചു. തമിഴ്നാട്ടില്‍ നിന്നും പാറകള്‍ ലഭ്യമാകാന്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. അത് സംസാരിച്ചു പരിഹരിച്ചതിനുശേഷം കല്ല് സുഗമമായി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കൂടാതെ കേരളത്തിലെ ഏഴ് ക്വാറികള്‍ക്ക് അനുമതി ലഭ്യമാക്കിയതുകൊണ്ട് പുലിമുട്ട് നിര്‍മ്മാണത്തിനാവശ്യമായ പാറപൊട്ടിക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ പാറയുടെ ലഭ്യതക്കുറവുണ്ടാകില്ല. മൺസൂൺ കാലത്തു കല്ല് സംഭരിക്കുകയും മഴക്കാലം തീരുമ്പോൾ കടലിൽ നിക്ഷേപിക്കുകയുമാണ് ചെയ്യുകയെന്നും മന്ത്രി പറഞ്ഞു. 

കല്ല് സംഭരിക്കാൻ പെരുമാതുറ മുതലപ്പൊഴിയിൽ അഡാനി ഗ്രൂപ്പിന് അനുവദിച്ച ബീച്ച്‌ ആവശ്യമായ കാലം കൂടി ഉപയോഗിക്കാൻ അനുവദിക്കും. വിഴിഞ്ഞം പോർട്ട് പ്രവർത്തനം ആരംഭിക്കുന്നതോടെ കേരളത്തിലെ ചെറിയ പോർട്ടുകളെ ബന്ധപ്പെടുത്തി കടലിലൂടെ ചരക്കുനീക്കം നടത്താനാണ് ആലോചന. അതോടെ റോഡിലെ ചരക്കുനീക്കം പൂർണമായി ഒഴിവാക്കാമെന്നും മറ്റു വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാമെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖം സജ്ജമാകുമ്പോള്‍ പ്രാഥമിക ഘട്ടത്തില്‍ തന്നെ പതിനായിരത്തോളം പേര്‍ക്ക് ജോലി നല്‍കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. പ്രദേശത്തുള്ളവര്‍ക്ക് കൂടി തൊഴില്‍ ലഭ്യമാക്കാന്‍ അസാപ്പിന്റെ തൊഴില്‍ പരിശീലനകേന്ദ്രം അവിടെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. 

ഐഎൻഎൽ ദേശീയ പാർട്ടിയാണെന്നും തെറ്റിദ്ധാരണകൊണ്ട് വിട്ടുപോയവരിൽ ഭൂരിഭാഗം പേരും തിരിച്ചു വന്നതായും മന്ത്രി പറഞ്ഞു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മുഴുവൻ പേരും തിരിച്ചെത്തി. ചില വ്യക്തികൾ പറയുന്നതല്ല, പാർട്ടി പറയുന്നതിനാണ് കൂടുതൽ വിലയെന്നും ചോദ്യത്തിന് മന്ത്രി മറുപടി നൽകി. മുൻ ധാരണപ്രകാരം അഞ്ചുമാസം കൂടിയേ ഐഎൻഎല്ലിന് മന്ത്രി സ്ഥാനമുള്ളൂ. മന്ത്രിസഭ പുനഃസംഘടന ഉടനെയുണ്ടാകുമോയെന്നും പകരക്കാരൻ വരുമോയെന്നുമൊക്കെ പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി. 

Eng­lish Summary:Vizhinjam port to be ful­ly oper­a­tional by May 2024, first ship to arrive in Sep­tem­ber: Min­is­ter Ahmed Devarkovil
You may also like this video

Exit mobile version