Site iconSite icon Janayugom Online

‘വിഴിഞ്ഞം’ വാതില്‍ തുറന്നു

ദൈവത്തിന്‍റെ സ്വന്തംനാടിന് പ്രകൃതി കനിഞ്ഞു നല്‍കിയ വരദാനമാണ് അറബിക്കടലിന്‍റെ തീരത്തുള്ള മനോഹര തീരമായ വിഴിഞ്ഞം. കേരള വികസന ചരിത്രത്തിലെ നാഴികക്കല്ലായി മാറുന്നതും ഇതേ വിഴിഞ്ഞം തന്നെ. ഒരുകാലത്ത് ലോകത്തിന്‍റെ കടല്‍ സഞ്ചാരനിയമം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക ശക്തിയായിരുന്നു ഇന്ത്യയും കേരളവും. ഈജിപ്തുമായി നേരിട്ടുള്ള വ്യാപാരം ആഗോള കച്ചവടക്കാരെ കേരളത്തിലേക്ക് ആകര്‍ഷിച്ചിരുന്നു. ഇത്തരമൊരു തിരിച്ചുവരവിന് ഇന്ത്യയെ പ്രാപ്തമാക്കാന്‍ പര്യാപ്തമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി. വരും കാലത്തെ സാധ്യതകള്‍ മുന്നില്‍ കണ്ട് അന്താരാഷ്ട്ര കപ്പല്‍ ഗതാഗത ഭൂപടത്തില്‍ ശ്രദ്ധേയ തുറമുഖമായി വിഴിഞ്ഞം മാറും.

വളരെ പഴയ കാലം മുതലേ വിഴിഞ്ഞത്തു കപ്പലടുക്കുന്നത് അന്നത്തെ ഭരണാധികാരി കൾ പലരും വിഭാവനം ചെയ്തിരുന്നു . പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് (VISL)എന്ന പേരില്‍ നൂറു ശതമാനം സര്‍ക്കാര്‍ അധീനതയിലുള്ള സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിച്ചു. 2015 ആഗസ്റ്റില്‍ ആഗോള ടെന്‍ഡറിലൂടെ തുറമുഖത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിനെ തെരഞ്ഞെടുത്ത് സര്‍ക്കാര്‍ 40 വര്‍ഷത്തേക്കുള്ള കരാറില്‍ ഒപ്പിട്ടു. പദ്ധതിയുടെ മേല്‍നോട്ടത്തിനും അവസരോചിതമായ ഇടപെടലുകള്‍ക്കുമായി ചീഫ് സെക്രട്ടറി നേതൃത്വം നല്‍കുന്ന പ്രോജക്ട് ഇംപ്ലിമെന്‍റേഷന്‍ കമ്മിറ്റിയും എംപവേര്‍ഡ് കമ്മിറ്റിയും കേരള സര്‍ക്കാര്‍ രൂപീകരിച്ചു. 2015 ഡിസംബറില്‍ വിഴിഞ്ഞം തുറമുഖത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 2021ഓടെ പദ്ധതിയുടെ ഒന്നാംഘട്ടത്തിന് നിര്‍ണായക പുരോഗതി കൈവരിക്കാനായി. 2023 ഒക്ടോബറില്‍ വിഴിഞ്ഞത്ത് ആദ്യ കപ്പലിന് സ്വീകരണം നല്‍കി. ഒന്നാം ഘട്ട പ്രവൃത്തികള്‍ അടുത്തവര്‍ഷം മെയ് മാസത്തോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.

തീരക്കടലില്‍ തന്നെ 18 മുതല്‍ 20 മീറ്റര്‍ വരെ ആഴം ലഭ്യമാകുന്നു എന്നതാണ് പദ്ധതിയുടെ ഏറ്റവും അനുകൂല ഘടകം. കണ്ടെയ്നര്‍ വഴിയുള്ള ആഗോള വിപണന സാധ്യതകള്‍ക്കായി വിഴിഞ്ഞം തുറമുഖം വഴിമാറാന്‍ പോവുകയാണ്. രാജ്യത്തിനു മുഴുവന്‍ പ്രയോജനപ്പെടുന്നതും പാരിസ്ഥിതിക പ്രശ്നങ്ങള്‍ തീരെയില്ലാത്തതുമാണ് പദ്ധതി. രാജ്യത്തെ ലോകത്തിന്‍റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ കഴിയുന്ന പദ്ധതി ഇന്നലെകളിലെ നഷ്ടപ്പെട്ട സാധ്യതകള്‍ തിരിച്ചുപിടിക്കാന്‍ പര്യാപ്തമാണ്.

ഇന്ന് ലോകത്ത് സഞ്ചരിക്കുന്ന കൂറ്റന്‍ കണ്ടെയ്നര്‍ ചരക്കു കപ്പലുകള്‍ (24500 കണ്ടെയ്നറുകളോളം വഹിക്കാന്‍ ശേഷിയുള്ളവ) കൈകാര്യം ചെയ്യാവുന്ന ട്രാന്‍സ്ഷിപ്പ്മെന്‍റ് തുറമുഖങ്ങള്‍ ഇന്ത്യയിലില്ല. എന്നാല്‍, വിഴിഞ്ഞം തുറമുഖത്തിന് ഇത്തരം പടുകൂറ്റന്‍ ചരക്കു കപ്പലുകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ സാധിക്കും. അന്താരാഷ്ട്ര വാണിജ്യ വ്യാപാരങ്ങള്‍ക്ക് ഇന്ത്യയുടെ തുറമുഖങ്ങളാണ് പ്രധാന പങ്കു വഹിക്കുന്നത്. ലോകത്തെ കടല്‍ മാര്‍ഗ്ഗമുള്ള ചരക്കു നീക്കത്തിന്‍റെ 30% ത്തോളം നടക്കുന്നത് ഇന്ത്യയുടെ തെക്കു ഭാഗത്തു കൂടി കടന്നു പോകുന്ന അന്താരാഷ്ട്ര കപ്പല്‍ച്ചാല്‍ വഴിയാണ്. ഇവിടെ നിന്നും കേവലം 10 നോട്ടിക്കല്‍ മൈല്‍ (18.5 കി.മീ) മാത്രം അകലെയായുള്ള സ്ഥാനം വിഴിഞ്ഞം തുറമുഖത്തിന്‍റെ പ്രാധാന്യം വളരെയേറെ വര്‍ദ്ധിപ്പിക്കുന്നു. കപ്പല്‍ ചാലില്‍ നിന്നും തുറമുഖത്തേക്ക് അടുക്കുന്നതിനും തിരികെ പോകുന്നതിനും കുറഞ്ഞ സമയം മാത്രം മതി. രണ്ട് മുതല്‍ മൂന്നു മണിക്കൂറിനകത്ത് കപ്പലുകള്‍ക്ക് തുറമുഖത്തില്‍ നിന്നും കപ്പല്‍ ചാലിലേക്ക് കടക്കാനാവും. തെക്കന്‍ കടലോര പ്രദേശങ്ങള്‍ രാജ്യാന്തര സമുദ്രഗതാഗത മേഖലയിലെ സുപ്രധാന കണ്ണികളായി മാറും. വന്‍ സാമ്പത്തിക ശക്തിയായി മാറാനുള്ള രാജ്യത്തിന്‍റെ ശ്രമങ്ങള്‍ക്ക് ഇതു കരുത്തു നല്‍കും.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനായുള്ള കാത്തിരിപ്പിന് ഒരു തലമുറയോളം പ്രായമുണ്ട്. ഇത്തരം തുറമുഖ വികസനത്തിന് ഇത്രയും പ്രകൃതിദത്തമായ സൗകര്യങ്ങള്‍ ഒത്തിണങ്ങിയ മറ്റൊരിടം ഇന്ത്യയിലില്ല. ഏറ്റവുമധികം കേവു ഭാരമുള്ള കപ്പലിനുപോലും അനായാസം ഇവിടെ നങ്കൂരമിടാന്‍ കഴിയും. രാജ്യത്ത് വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) ലഭിക്കുന്ന ആദ്യ തുറമുഖമാണ് വിഴിഞ്ഞം. വരുംവര്‍ഷങ്ങളിലെ വ്യാവസായിക വാണിജ്യരംഗത്ത് ഇന്ത്യയുടെ ആവശ്യകതയും പുരോഗതിയും നിര്‍വഹിക്കുന്നതിന് പര്യാപ്തമായിരിക്കും ഈ തുറമുഖം.

പദ്ധതി പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ചില അസൗകര്യങ്ങള്‍ നിര്‍മ്മാണ വേളയില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇവയെല്ലാം സമഗ്രമായ പഠനം നടത്തി ഉദാരമായ സമീപനത്തിലൂടെ സര്‍ക്കാര്‍ പരിഹരിച്ചു. ജീവനോപാധി നഷ്ടപരിഹാരമായി 100 കോടിയില്‍പ്പരം രൂപ നാളിതുവരെ പദ്ധതി ബാധിത തൊഴിലാളികള്‍ക്ക് വിതരണം ചെയ്തു. സര്‍ക്കാര്‍ തലത്തില്‍ വിവിധങ്ങളായ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളായ കുടിവെള്ള വിതരണം, ആരോഗ്യ സംരക്ഷണം, മാലിന്യ നിര്‍മ്മാര്‍ജനം, നൈപുണ്യ വികസനം, കായിക മേഖല, ഭവന നിര്‍ മാണം തുടങ്ങിയവയും നടപ്പിലാക്കി വരുന്നുണ്ട്. ഇതു കൂടാതെ, പദ്ധതി പ്രദേശത്ത് സാമൂഹിക പ്രതിബദ്ധതാ പദ്ധതി പ്രകാരം കണ്‍സഷണറായ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്നും മറ്റനവധി സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. പ്രദേശത്തെ ജനങ്ങളുടെ സാമൂഹിക ക്ഷേമത്തിനും പുനരധിവാസത്തിനും മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കിവരുന്നത്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലൂടെ കയറ്റുമതിയും ഇറക്കുമതിയും വര്‍ദ്ധിക്കുന്നതിലൂടെ കേരളത്തിലെ വ്യവസായ മേഖലയില്‍ കുതിച്ചുചാട്ടമുണ്ടാകും. വിഴിഞ്ഞം തുറമുഖത്തിലൂടെ ആദ്യ ഘട്ടത്തില്‍ 10 ലക്ഷം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യാനാകും. തുടര്‍ ഘട്ടങ്ങള്‍ പൂര്‍ത്തിയാകുന്നതോടു കൂടി ഇത് 50 ലക്ഷം കണ്ടെയ്നറുകളായി ഉയരും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വഴിയായിരിക്കും രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള ചരക്കുനീക്കം നടക്കുന്നത്. വിഴിഞ്ഞത്തു നിന്നും ചെറു കപ്പലുകളില്‍ മറ്റിതര തുറമുഖങ്ങളിലേക്കും, വിഴിഞ്ഞം ബാലരാമപുരം റെയില്‍പ്പാതയിലൂടെ ഇന്ത്യന്‍ റെയില്‍വേ മുഖാന്തിരവും, റോഡ് മാര്‍ഗവുമാണ് പ്രധാനമായും ചരക്ക് നീക്കം വിഭാവന ചെയ്തിട്ടുള്ളത്.

കേരളമുള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ വ്യവസായിക ഇടനാഴികളുടെ വളര്‍ച്ചയ്ക്കും വികസനങ്ങള്‍ക്കും പദ്ധതി ഉത്തേജനം നല്‍കും. ഇതിലൂടെ കേരളത്തിന് വമ്പിച്ച രീതിയിലുള്ള തൊഴില്‍സാദ്ധ്യതകളും വരുമാന വര്‍ദ്ധനവുമുണ്ടാകും. കുറഞ്ഞ ചെലവില്‍ നിര്‍ മാണ സാമഗ്രികള്‍ ഇറക്കുമതി ചെയ്യാനുള്ള സാദ്ധ്യത മുന്‍ നിര്‍ത്തി നിര്‍മാണ മേഖലയിലും വന്‍ പുരോഗതി പ്രതീക്ഷിക്കുന്നു. ഔട്ടര്‍ ഏര്യ ഗ്രോത്ത് കോറിഡോര്‍, ഔട്ടര്‍ റിംഗ് റോഡ് മുതലായവ വിഭാവന ചെയ്ത് തുറമുഖ നിര്‍മാണം മൂലമുള്ള നേട്ടങ്ങള്‍ പരമാവധി ഈ മേഖലയില്‍ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു. ഇതിനായുള്ള പ്രാഥമികാനുമതികളും നല്‍കിക്കഴിഞ്ഞു. ഔട്ടര്‍ റിംഗ് റോഡ് പദ്ധതി നാവായിക്കുളം മുതല്‍ വിഴിഞ്ഞം വരെയാണ് വിഭാവന ചെയ്തിട്ടുള്ളത്. ഈ റോഡുകള്‍ക്കിരുവശങ്ങളിലുമായി 2.5കിലോമീറ്ററിൽ വ്യവസായ വാണിജ്യശാലകൾ സ്ഥാപിക്കുന്നതോടെ തിരുവനന്തപുരത്തിന്‍റെ മുഖഛായ മാറും.

പല വികസിത നഗരങ്ങളുടെയും വളര്‍ച്ചയ്ക്കു പിന്നില്‍ അവിടെ സ്ഥാപിച്ച തുറമുഖങ്ങള്‍ പ്രധാന പങ്കുവഹിച്ചതായി കാണാം. കൊച്ചി, സിങ്കപ്പൂർ, ദുബായ്, സലാല നഗരങ്ങളുടെ വളര്‍ച്ചയും തുറമുഖങ്ങളുടെ ചുവടുപിടിച്ചായിരുന്നു. ഇപ്രകാരം വന്‍ വികസന വിപ്ലവത്തിന് വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളം സാക്ഷ്യംവഹിക്കും.

You may also like this video

Exit mobile version