Site iconSite icon Janayugom Online

വിഴിഞ്ഞം: മാറിത്താമസിക്കേണ്ടി വന്ന കുടുംബങ്ങൾക്ക് പ്രതിമാസം 5500 രൂപ

vizhinjamvizhinjam

വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് തീരശോഷണം മൂലം ക്യാമ്പുകളിൽ മാറിത്താമസിക്കേണ്ടി വന്ന കുടുംബങ്ങൾക്ക് ഓരോന്നിനും അവരുടെ പുനരധിവാസം വരെ പ്രതിമാസം 5500 രൂപ വീതം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനാവശ്യമായ തുക റവന്യു (ഡിസാസ്റ്റർ മാനേജ്‌മെന്റ്), മത്സ്യബന്ധനം, ധനകാര്യം എന്നീ വകുപ്പുകൾ അടിയന്തരമായി കണ്ടെത്തി വിതരണം നടത്തും.
പ്രതിമാസ വാടകയ്ക്ക് പുറമെ വീട് വയ്ക്കുന്നവര്‍ക്ക് സ്ഥലത്തിനും വീടിനുമായി 10,00,000 രൂപ, മത്സ്യത്തൊഴിലാളികള്‍ക്ക് ബോട്ട് ലാന്‍ഡിങ് സ്റ്റേഷന്‍, സബ്സിഡി നിരക്കില്‍ ഇന്ധനത്തിന് ഊര്‍ജ്ജ പാര്‍ക്ക് തുടങ്ങിയവ സര്‍ക്കാരിന്റെ പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുന്നുണ്ട്. പുനരധിവാസത്തിന് മുട്ടത്തറയില്‍ എട്ടേക്കര്‍ ഭൂമിയും കണ്ടെത്തിയിട്ടുണ്ട്.
വിഴിഞ്ഞം സമരം ഇനിയും തീര്‍പ്പാകാതെ പോകുന്നത് സര്‍ക്കാരിനെതിരെ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കമായേ കാണാനാകൂ എന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് സമരരംഗത്തുള്ളവര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ബഹുഭൂരിപക്ഷവും സര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തില്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്നും മന്ത്രി പറഞ്ഞു.
വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിടാൻ തീരുമാനിച്ച ബിൽ റദ്ദ് ചെയ്യുന്നതിനുള്ള കരട് ബില്ലിനും മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

Eng­lish Sum­ma­ry: Vizhin­jam: Rs 5500 per month for dis­placed families

You may like this video also

Exit mobile version