കേരളത്തിന്റെ വികസനക്കുതിപ്പിൽ മറ്റൊരു അധ്യായം കൂടി എഴുതിച്ചേർക്കുന്ന വിഴിഞ്ഞം തുറമുഖം പൂർണസജ്ജമായിരിക്കുകയാണ്. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ കമ്മിഷൻ ചെയ്യുന്നതിനുള്ള നടപടികൾ അതിവേഗത്തിൽ പുരോഗമിക്കുന്ന വിഴിഞ്ഞത്ത് ഇന്നലെയെത്തിയ ആദ്യ കണ്ടെയ്‌നർ കപ്പലായ സാൻ ഫെർണാണ്ടോയ്ക്ക് ഇന്ന് ഔപചാരിക സ്വീകരണമൊരുക്കിയിട്ടുണ്ട്. 2006-11 കാലത്തെ എൽഡിഎഫ് സർക്കാര്‍ പ്രാരംഭനടപടികൾ ആരംഭിച്ച പദ്ധതി പന്നീട് വന്ന യുഡിഎഫ് സർക്കാരിന്റെ കാലത്ത് മരവിച്ചു. 2016ലെ തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നതിനാൽ 2015ൽ അഡാനി ഗ്രൂപ്പുമായി കരാറുണ്ടാക്കിയതിൽ തീരുന്നു അവരുടെ പങ്ക്. പിന്നീട് 2016ൽ എൽഡിഎഫ് സർക്കാർ അധികാരമേറ്റതോടെയാണ് പദ്ധതി യാഥാർത്ഥ്യത്തിലേക്കുള്ള യാത്ര തുടങ്ങിയത്. അത്യാധുനിക ഉപകരണങ്ങളും ഓട്ടോമേഷൻ, ഐടി സംവിധാനങ്ങളുമുള്ള രാജ്യത്തെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമാണ് വിഴിഞ്ഞത്ത് സജ്ജമായിരിക്കുന്നത്. സംസ്ഥാന സർക്കാർ പൊതു സ്വകാര്യപങ്കാളിത്ത (പിപിപി) രീതിയിൽ നടപ്പാക്കുന്ന സാമ്പത്തിക അടിസ്ഥാന സൗകര്യപദ്ധതിയായ വിഴിഞ്ഞം കേരളത്തിലെ എക്കാലത്തെയും വലിയ സ്വകാര്യമേഖലാ നിക്ഷേപം കൂടിയാണ്. ആകെ 8,867.14 കോടി നിർമ്മാണച്ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ സംസ്ഥാന സർക്കാർ 5,595.34, കേന്ദ്രം 817.80, സ്വകാര്യസംരംഭം 2,454 കോടി രൂപ വീതമാണ് മുതൽ മുടക്കുന്നത്. പ്രധാനമായും ഇവിടെ ട്രാൻസ്ഷിപ്പ്മെന്റ് കണ്ടെയ്‌നറുകളാണ് കൈകാര്യം ചെയ്യുക. ഇന്നലെയെത്തിയ സാൻ ഫെർണാണ്ടോ കപ്പലിൽ നിന്നുള്ള 2,000 കണ്ടെയ്നറുകളാണ് പരീക്ഷണത്തിന്റെ ഭാഗമായി വിഴിഞ്ഞത്ത് കൈകാര്യം ചെയ്യുന്നത്. ഇതിന്റെ തുടർച്ചയായി വാണിജ്യ കപ്പലുകൾ, കണ്ടെയ്‌നർ കപ്പലുകൾ എന്നിവ എത്തിച്ചേരും. പരീക്ഷണപ്രക്രിയ രണ്ടു മുതൽ മൂന്നു മാസം വരെ തുടരും. തുടർന്ന് കമ്മിഷനിങ് കഴിയുന്നതോടെ ലോകത്തെ മുൻനിര ഷിപ്പിങ് കമ്പനികൾ തുറമുഖത്തെ ആശ്രയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൂർണസജ്ജമാകുന്നതോടെ ആദ്യഘട്ടത്തിൽ 10 ലക്ഷവും പിന്നീട് വർധിപ്പിച്ച് 50 ലക്ഷം വരെയും കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാനാകുന്ന വിധത്തിലാണ് നടപടികൾ മുന്നോട്ടുപോകുന്നത്. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ കണ്ടെയ്‌നറൊന്നിന് ശരാശരി ആറ് പ്രവൃത്തിദിനങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് അനുമാനിക്കുന്നു. അകത്തേക്കും പുറത്തേക്കുമുള്ള ചരക്കുനീക്കത്തിലൂടെ വമ്പിച്ച തോതിലുള്ള തൊഴിൽ സാധ്യതകളും വരുമാന വർധനയും സൃഷ്ടിക്കപ്പെടുകയും ചെയ്യും. കേരളത്തിലെ ചെറുകിട വ്യവസായങ്ങളായ കരകൗശലം, ഗൃഹോപകരണങ്ങൾ, വസ്ത്രനിർമ്മാണം, കാർഷിക — മത്സ്യബന്ധന മേഖല എന്നിവയ്ക്കും അനുബന്ധ വിപണിക്കും വരുമാനത്തിനും സാധ്യത തുറക്കുകയും ചെയ്യും. തുറമുഖ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന വേളയിലും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തരം തൊഴിലിൽ വൈദഗ്ധ്യമുണ്ടാക്കുന്നതിനുള്ള പരിശീലനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ സംരംഭമായ അസാപിന്റെ നൈപുണ്യ പരിശീലന കേന്ദ്രം ആരംഭിക്കുന്നതിന് തീരുമാനിക്കുകയും നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. തുറമുഖാധിഷ്ഠിത കോഴ്‍സുകളിലാണ് ഇവിടെ പരിശീലനം നൽകുക എന്നതുകൊണ്ട് വിഴിഞ്ഞത്ത് മാത്രമല്ല മറ്റ് തുറമുഖങ്ങളിലും തൊഴിൽ സാധ്യതയുണ്ടാകും.
പല വിധത്തിലുള്ള എതിർപ്പുകളും വെല്ലുവിളികളും നേരിട്ടാണ് വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാകുന്നത്. അവയെല്ലാം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയാണ് സർക്കാർ മുന്നോട്ടുപോയത്. പ്രധാനമായും തീരദേശത്തെ ജനങ്ങളുടെ ജീവിതവും ജീവിതോപാധികളുമാണ് എതിർപ്പിന് കാരണമായത്. പ്രാദേശികമായ എതിർപ്പുകൾ ചർച്ചകളിലൂടെ പരിഹരിച്ചു. പുനരധിവാസത്തിനുള്ള പാക്കേജ് തയ്യാറാക്കുന്നതിന് നിർണയ സമിതിയും അപ്പീൽ സമിതിയും രൂപീകരിച്ച് പ്രാഥമിക റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും അപ്പീൽ പരിഗണിച്ച് അന്തിമമായി അർഹരെന്ന് കണ്ടെത്തിയവർക്ക് ജീവനോപാധി നഷ്ടപരിഹാരം വിതരണം ചെയ്യുകയുമുണ്ടായി. 106 കോടിയിലധികം രൂപയാണ് ഇതനുസരിച്ച് വിതരണം ചെയ്തത്. ഇതിന് പുറമേ വിഴിഞ്ഞം കമ്മ്യൂണിറ്റി മെഡിക്കൽ സെന്റർ 80 കിടക്കകളുള്ള താലൂക്കാശുപത്രിയായി ഉയർത്തുന്നതിനുള്ള നടപടി പൂർത്തീകരിച്ചു. വയോജനങ്ങളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി നാല് കോടി രൂപ മുതൽമുടക്കിൽ പകൽവീട് നിർമ്മിക്കുന്നതിനുള്ള നടപടിയും ആരംഭിച്ചു. ഗംഗയാർ തോടിന്റെ ശുചീകരണവും അറ്റകുറ്റപ്പണികളും നടപ്പിലാക്കി. കുടിവെള്ള വിതരണത്തിന് സംവിധാനമൊരുക്കുകയും കളിസ്ഥല നിർമ്മാണത്തിന് ഭരണാനുമതി നൽകുകയും ചെയ്തു. എങ്കിലും ചില പ്രശ്നങ്ങൾകൂടി പരിഹരിക്കാതെ കിടക്കുന്നുവെന്ന് പ്രദേശവാസികൾ ഉന്നയിക്കുന്നു. അവയും ഉടൻതന്നെ പരിഹരിക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. പ്രദേശവാസികളുടെ എതിർപ്പിനെ സർക്കാരിനെതിരെ തിരിച്ചുവിടുന്നതിനുള്ള ഗൂഢാലോചനകളും ചില ഘട്ടങ്ങളിൽ പുറത്തുവരികയുണ്ടായി. അതിനെയെല്ലാം അതിജീവിച്ചാണ് വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കുന്നത്. വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിനുള്ള എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തികൊണ്ടു കൂടിയാണ് ഏറെവർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമാകുന്നത്.