Site iconSite icon Janayugom Online

സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് വി കെ പാണ്ഡ്യൻ

ഒഡിഷയിൽ ബിജെഡിയുടെ കനത്ത തോൽവിക്ക് പിന്നാലെ സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് മുൻ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ വിശ്വസ്തനും ബിജെഡി നേതാവുമായ വി കെ പാണ്ഡ്യൻ. ബിജെഡിക്കുണ്ടായ പരാജയത്തില്‍ അദ്ദേഹം മാപ്പ് പറഞ്ഞു. തനിക്കെതിരെയുണ്ടായ പ്രചാരണങ്ങള്‍ പാര്‍ട്ടിയെ മുറിപ്പെടുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെഡ‍ിക്കെതിരായി ബിജെപി ഉപയോ​ഗിച്ച പ്രധാന ആയുധങ്ങളിലൊന്നായിരുന്നു നവീൻ പട്നായിക്കിന് മേൽ പാണ്ഡ്യനുള്ള സ്വാധീനം. ബിജെഡിയിലെ പാണ്ഡ്യന്റെ അപ്രമാദിത്യം പാ‍ർട്ടിക്കുള്ളിൽ തന്നെ മുറുമുറുപ്പുകൾ സൃഷ്ടിച്ചിരുന്നു. വി കെ പാണ്ഡ്യനെ പട്നായിക് കൂടുതലായി ആശ്രയിച്ചത് സംസ്ഥാനത്ത് ബിജെഡിക്ക് തിരിച്ചടിയുണ്ടായതിലെ പ്രധാന കാരണങ്ങളിലൊന്നായാണ് വിലയിരുത്തുന്നത്. 

ഒഡിഷക്കാരനല്ലാത്ത പാണ്ഡ്യനാണ് ഒഡിഷയിലെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് ആരോപിച്ച മോഡി ഇത് ഉപയോ​ഗിച്ച് പ്രാദേശിക വികാരം ഇളക്കി വിടുന്നതിൽ വിജയിക്കുകയും 24 വ‍ർഷത്തെ പട്നായിക്ക് ഭരണം അവസാനിപ്പിക്കുകയും ചെയ്യുകയായിരുന്നു. തമിഴ്‌നാട്ടുകാരനായ വി കെ പാണ്ഡ്യൻ ഒഡിഷയിലെ വിഭവങ്ങളെ കൊള്ളയടിക്കുന്നുവെന്നാണ് പ്രചാരണത്തിലുടനീളം ബിജെപി ആരോപിച്ചത്. സംസ്ഥാനത്തെ പരാജയത്തിന് പിന്നാലെ പാണ്ഡ്യൻ തന്റെ പിൻ​ഗാമിയല്ലെന്ന് നവീൻ പട്നായിക് പ്രസ്താവിക്കുകയും ചെയ്തിരുന്നു. 2000 ബാച്ചിലെ ഐഎഎസ് ഓഫീസറായ പാണ്ഡ്യൻ 20 വർഷത്തോളം നവീൻ പട്നായിക്കിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. 2023 ലാണ് പാണ്ഡ്യൻ സിവിൽ സർവ്വീസിൽ നിന്ന് രാജിവെച്ച് ബിജെഡിയിൽ ചേർന്നത്.
147 അംഗ നിയമസഭയിൽ 78 സീറ്റുകളാണ് ബിജെപി നേടിയത്. ബിജെഡിക്ക് 51 സീറ്റുകളിലാണ് വിജയിക്കാനായത്. കോൺഗ്രസ് 14 സീറ്റില്‍ വിജയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും ബിജെഡിക്ക് നേടാനായില്ല. അതേസമയം ബിജെപി 20 സീറ്റുകളിലും കോൺഗ്രസ് ഒരു സീറ്റിലും വിജയിച്ചു.

”സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചിരിക്കുന്നു. ഈ യാത്രയ്ക്കിടെ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. എനിക്കെതിരേയുള്ള വിദ്വേഷ പ്രചരണം ഒഡിഷയിൽ ബിജെഡിയുടെ പരാജയത്തിനു കാരണമായിട്ടുണ്ടെങ്കിൽ അതിനും ക്ഷമ ചോദിക്കുന്നു. ബിജു പരിവാറിലെ എല്ലാവരോടും മാപ്പു ചോദിക്കുന്നു ”, പാണ്ഡ്യൻ വിഡിയോയിൽ പറയുന്നു. പട്നായിക്കിനെ സഹായിക്കാൻ വേണ്ടി മാത്രമാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. അതു കൊണ്ടാണ് ഇതു വരെയും ഒരു തെരഞ്ഞെടുപ്പിൽ പോലും മത്സരിക്കാതിരുന്നതെന്നും പാണ്ഡ്യൻ പറഞ്ഞു. അതേസമയം വി കെ പാണ്ഡ്യന്റെ ഭാര്യയും ഒഡിഷ ധനകാര്യ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയുമായ സുജാത ആർ കാർത്തികേയൻ ആറ് മാസത്തെ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. 

Eng­lish Summary:VK Pan­di­an quit active politics
You may also like this video

Exit mobile version