ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ എന്നിവരുമായി ഫോണിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ സംസാരിച്ചതായി ഔദ്യോഗിക വസതിയായ ക്രെംലിൻ. ഇരു മേഖകളിലും മധ്യസ്ഥത വഹിക്കാൻ റഷ്യ തയ്യാറാണെന്ന് പുട്ടിൻ അറിയിച്ചതായും വ്യക്തമാക്കി. യുക്രെയ്‌നിലെ യുദ്ധം ആരംഭിച്ചതു മുതൽ റഷ്യ ഇറാനുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ വർഷം പുട്ടിൻ മസൂദ് പെസെഷ്കിയാനുമായി 20 വർഷത്തെ തന്ത്രപ്രധാനമായ പങ്കാളിത്ത കരാറിൽ ഒപ്പുവച്ചിരുന്നു.
നെതന്യാഹുവുമായുള്ള സംഭാഷണത്തിൽ മധ്യസ്ഥ ശ്രമങ്ങൾ തുടരാനും ക്രിയാത്മകമായ സംവാദങ്ങൾ പ്രോത്സാഹിപ്പിക്കാനും റഷ്യ സന്നദ്ധത അറിയിച്ചതായും ക്രെംലിൻ പറഞ്ഞു. മസൂദ് പെസെഷ്കിയാനുമായുള്ള സംഭാഷണത്തിലെ വിവരങ്ങൾ പിന്നീട് നൽകുമെന്നാണ് ക്രെംലിൻ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇസ്രയേലും യുഎസും ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തുകയും ഇറാൻ ഇസ്രയേലുമായി 12 ദിവസത്തെ യുദ്ധം നടത്തുകയും ചെയ്തിരുന്നു. റഷ്യ ഇറാനു മാത്രമല്ല, മുഴുവൻ മേഖലയിലെ പ്രാദേശിക സ്ഥിരതയ്ക്കും സമാധാനത്തിനും ഇതിനകം സഹായം നൽകുന്നുണ്ടെന്ന് ഇറാന് റഷ്യ എന്ത് പിന്തുണ നൽകുമെന്ന ചോദ്യത്തിനു ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു

