ടെലികോം സേവനദാതാക്കളായ വോഡഫോൺ ഐഡിയയ്ക്ക്(വി) നികുതി വകുപ്പിന്റെ കനത്ത തിരിച്ചടി. ജിഎസ്‌ടി കുടിശികയുമായി ബന്ധപ്പെട്ട് 638 കോടി രൂപ പിഴയടയ്ക്കാൻ അഹമ്മദാബാദിലെ സെൻട്രൽ ഗുഡ്‌സ് ആന്റ് സർവീസ് ടാക്സ് അഡീഷണൽ കമ്മിഷണറുടെ ഓഫിസ് ഉത്തരവിട്ടു. നികുതി അടയ്ക്കുന്നതിൽ വരുത്തിയ വീഴ്ചയും ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് പരിധിയിൽ കൂടുതൽ കൈപ്പറ്റിയതുമാണ് നടപടിക്ക് കാരണമായത്. സെൻട്രൽ ഗുഡ്‌സ് ആന്റ് സർവീസസ് ടാക്സ് ആക്ട് 2017ലെ സെക്ഷൻ 74 പ്രകാരമാണ് 6,37,90,68,254 രൂപ പിഴയും പലിശയും അടയ്ക്കാൻ ഉത്തരവായത്.
അതേസമയം ഉത്തരവിനെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് വോഡഫോൺ ഐഡിയ സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചു. എജിആർ കുടിശികയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വലിയ ആശ്വാസം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് കമ്പനിക്ക് വൻ പിഴ വരുന്നത്. ബുധനാഴ്ചയായിരുന്നു കുടിശിക അടയ്ക്കുന്നതിന് അഞ്ച് വർഷത്തെ മൊറട്ടോറിയം കേന്ദ്രം പ്രഖ്യാപിച്ചത്. തൊട്ടടുത്ത ദിവസം തന്നെ നികുതി വകുപ്പിൽ നിന്നുള്ള ഈ ഉത്തരവ് കമ്പനിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.
വോഡഫോണ്‍ ഐഡിയയ്ക്ക് 638 കോടി രൂപ പിഴ

