Site icon Janayugom Online

വോഡഫോണ്‍ ഐഡിയ അടച്ചുപൂട്ടലിന്റെ വക്കില്‍; ബാങ്കുകളും പ്രതിസന്ധിയിലേക്ക്

വന്‍ നഷ്ടം നേരിട്ട് അടച്ചുപൂട്ടലിന്റെ വക്കിലായ വോഡഫോണ്‍ ഐഡിയയെ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പൊതുമേഖലാ, സ്വകാര്യ ബാങ്കുകളും രംഗത്ത്. വോഡഫോണ്‍ ഐഡിയയുടെ തകര്‍ച്ച സംഭവിച്ചാല്‍ ബാങ്കുകളെയും ഏറെ പ്രതികൂലമായി ബാധിക്കും.

എസ്ബിഐ അടക്കമുള്ള നിരവധി ബാങ്കുകള്‍ വിഐക്ക് നേരിട്ടുള്ള വായ്പകളും ബാങ്ക് ഗാരന്റിയും അനുവദിച്ചിട്ടുണ്ട്. സ്ഥാപനം അടച്ചുപൂട്ടിയാല്‍ ഇവയെ നിഷ്ക്രിയ ആസ്തിയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടിവരും. നേരത്തെ രണ്ട് കമ്പനികളായിരുന്ന കുമാര്‍ മംഗലം ബിര്‍ളയുടെ ഐഡിയയും വോഡഫോണും ലയിച്ചാണ് വിഐയായി മാറിയത്. ആകെ 1.80 ലക്ഷം കോടിയുടെ ബാധ്യതയാണ് ടെലികോം മേഖലയിലെ മൂന്നാമത്തെ വലിയ കമ്പനിയായ വിഐക്കുള്ളത്. കേന്ദ്രസര്‍ക്കാരിന് സ്പെക്ട്രം കുടിശ്ശിക ഇനത്തില്‍ മാത്രം 50,000 കോടിയിലേറെ നല്‍കാനുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ 11,000 കോടിയുടെ വായ്പയും ഗാരന്റിയുമാണ് വിഐയ്ക്ക് നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇത് ആകെ ബാലന്‍സ് ഷീറ്റിന്റെ 0.2 ശതമാനം മാത്രമേ വരൂ എന്നതിനാല്‍ എസ്ബിഐയ്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കില്ല. എന്നാല്‍ മധ്യനിര, ചെറുകിട ബാങ്കുകളുടെ സ്ഥിതി ഇതല്ല.

ഐഡിഎഫ്‌സി ബാങ്ക് 3240 കോടിയാണ് വായ്പ നല്‍കിയിട്ടുള്ളത്. ഇത് ബാലന്‍സ് ഷീറ്റിന്റെ മൂന്ന് ശതമാനത്തോളം വരും. 4000 കോടി നല്‍കിയ യെസ് ബാങ്കിന്റെ 2.4 ശതമാനമാണ് വിഐയുടെ ബാധ്യത. പിഎന്‍ബി 3000 കോടി നല്‍കിയപ്പോള്‍ ആക്സിസ് ബാങ്ക് 1300 കോടിയും ഐസിഐസിഐ 1700 കോടിയും എച്ച്ഡിഎഫ്‌സി ആയിരം കോടിയും വായ്പ നല്‍കിയിട്ടുണ്ട്. ഇത്രയും തുക ഒറ്റയടിക്ക് നിഷ്ക്രിയ ആസ്തിയായി മാറിയാല്‍ ബാങ്കുകള്‍ക്ക് വന്‍ പ്രതിസന്ധി സൃഷ്ടിക്കും. ഇത് മുന്നില്‍ക്കണ്ട് മിക്ക ബാങ്കുകളും പ്രതിസന്ധിയെ അഭിമുഖീകരിക്കാന്‍ പ്ലാനുകള്‍ തയ്യാറാക്കിത്തുടങ്ങി.

വോഡഫോൺ ഐ­ഡിയ ലിമിറ്റഡിന്റെ സാമ്പത്തികനില വായ്പ നൽകിയവർക്ക് ആശങ്കയുണ്ടാക്കുന്നുവെന്ന് ആക്സിസ് ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അമിതാഭ് ചൗധരി പറഞ്ഞു. കമ്പനിയുടെ തകർച്ച തടയാൻ സർക്കാർ ഒരു പരിഹാരം കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ബ്ലൂംബെർഗിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നേരത്തെ കുമാര്‍ മംഗലം ബിര്‍ള കേന്ദ്രസര്‍ക്കാരിന് ഓഹരി കൈമാറാന്‍ താല്പര്യം പ്രകടിപ്പിച്ച് ധനമന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. എന്നാല്‍ ഇത് കമ്പനിക്ക് ഗുണത്തേക്കാള്‍ ദോഷംചെയ്തു. ഓഹരി വിപണിയില്‍ വന്‍ ഇടിവ് നേരിടേണ്ടിവന്നതോടെ കമ്പനിയുടെ നില കൂടുതല്‍ പരുങ്ങലിലായിരുന്നു.

Eng­lish sum­ma­ry: Voda­fone-idea in crisis

You may also like this video:

Exit mobile version