നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കുവാൻ ഗൂഢാലോചന നടത്തിയ സംഭവത്തിൽ നടൻ ദിലീപ് അടക്കമുളള പ്രതികളുടെ ശബ്ദപരിശോധന നാളെ നടത്തിയേക്കും. കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് പരിശോധന. ഇതിന് അനുമതി തേടി അന്വേഷണ സംഘം അധികൃതരുമായി ബന്ധപ്പെട്ടു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ശബ്ദ പരിശോധന പൂർത്തിയാക്കുവാനാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്.
അതിനിടെ നെയ്യാറ്റിൻകര ബിഷപ്പിനെ പരിചയമുണ്ടോ എന്ന് അന്വേഷിച്ചത് ദിലീപിന്റെ സഹോദരി ഭർത്താവെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഇത് തെളിയിക്കുന്ന ചാറ്റ് ബാലചന്ദ്രകുമാർ പുറത്ത് വിട്ടു. ബിഷപ്പിനെ അറിയാമോ എന്ന് ആദ്യം ചോദിച്ചത് ദിലീപിന്റെ അളിയനാണ്. ബിഷപ്പിനെ അറിയാമെന്നും സഹായത്തിനായി വിളിക്കാമെന്നും താനാണ് അങ്ങോട്ട് പറഞ്ഞതെന്ന ദിലീപിന്റെ വാദം തെറ്റെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
താൻ പണം കടം വാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്ന് ബാലചന്ദ്രകുമാർ പറയുന്ന ശബ്ദസന്ദേശം ഞായറാഴ്ച്ച പുറത്തുവന്നു. ദിലീപ് ഹൈക്കോടതിയിൽ ഹാജരാക്കിയ ശബ്ദസന്ദേശമാണ് പുറത്ത് വിട്ടത്. ബാലചന്ദ്രകുമാർ തനിക്ക് അയച്ച വാട്സ് ആപ് സന്ദേശമാണ് ഇതെന്ന് ദിലീപ് പറയുന്നു.
കടം വാങ്ങിയവരോട് സംസാരിക്കണമെന്നും സിനിമ നാല് മാസത്തിനുള്ളിൽ ഉണ്ടാകുമെന്ന് പറയണമെന്നും ബാലചന്ദ്രകുമാർ പറയുന്നത് ശബ്ദസന്ദേശത്തിൽ വ്യക്തമാണെന്ന് ദിലീപ് പറയുന്നു. ബാലചന്ദ്രകുമാർ നേരത്തെ ദിലീപിന് അയച്ച ശബ്ദ രേഖയാണ് ഇതെന്നും അവകാശവാദമുണ്ട്. 2021 ഏപ്രിൽ 14 ന് അയച്ച സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. 19 ലക്ഷം രൂപ കടം വീട്ടാൻ ദിലീപ് ഇടപെടണമെന്ന് ആവശ്യപ്പെട്ട് അയച്ച ശബ്ദരേഖയാണ് പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയത്.
english summary; Voice test of Dileep and co-accused tomorrow
you may also like this video;