Site iconSite icon Janayugom Online

എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനം: കരിമേഘപടലം രാജ്യത്തുനിന്ന് നീങ്ങി; വിമാന സർവീസുകൾ സാധാരണ നിലയിലേക്ക്

എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് ഇന്ത്യൻ ആകാശത്ത് വ്യാപിച്ച കരിമേഘപടലം പൂർണമായും നീങ്ങിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് ചാര മേഘങ്ങൾ ഇന്ത്യയുടെ ആകാശത്തുനിന്ന് നീങ്ങി ചൈനയുടെ ഭാഗത്തേക്ക് കടന്നുപോയത്. തിങ്കളാഴ്ച രാത്രിയാണ് കരിമേഘപടലം ഇന്ത്യയിലെത്തിയത്. ഉത്തരേന്ത്യൻ ആകാശത്ത് വ്യാപിച്ച ചാരമേഘം കാരണം ഇരുപതിലേറെ ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. ഒട്ടേറെ വിമാനങ്ങൾ വഴിതിരിച്ചുവിടുകയും വൈകുകയും ചെയ്തു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. അഗ്നിപർവത സ്ഫോടനമുണ്ടാകുമ്പോൾ പുറത്തേക്ക് വമിക്കുന്ന കൂറ്റൻ പുകമേഘമാണ് കരിമേഘപടലം. സാധാരണ മേഘങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇതിൽ കൂർത്ത പാറക്കഷണങ്ങൾ, അഗ്നിപർവതത്തിൽ നിന്നുള്ള വാതകങ്ങൾ, സിലിക്ക പോലെയുള്ള ധാതുക്കൾ, ഘനീഭവിച്ച വാതകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. അഗ്നിപർവ്വത സ്ഫോടനത്തിൽ നിന്ന് ഉയരുന്ന ചാരം അന്തരീക്ഷ ഈർപ്പവുമായി കലർന്നാണ് ചാരം നിറഞ്ഞ മേഘപാളികളായി മാറുന്നത്.

എത്യോപ്യയിലെ അഗ്നിപർവ്വതത്തിൽ നിന്നുള്ള ഈ കരിമേഘപടലം അറബിക്കടലും കടന്ന് അടുത്ത ഭൂഖണ്ഡങ്ങളിലേക്ക് നീങ്ങുകയായിരുന്നു. റെഡ് സീ കടന്ന് യെമനിലൂടെയും ഒമാനിലൂടെയും നീങ്ങിയാണ് അറേബ്യൻ സമുദ്രത്തിന് മുകളിലൂടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിലൂടെ ഇത് കടന്നുപോയത്. തുടർന്ന് ഹിമാലയത്തിന് മുകളിലൂടെയാണ് ചൈനയിലേക്ക് പ്രവേശിച്ചത്. ചൈനയിലേക്ക് കടക്കുന്ന പുകപടലങ്ങൾ തുടർന്ന് അന്തരീക്ഷത്തിന്റെ കൂടുതൽ ഉയരത്തിലേക്ക് നീങ്ങുകയും പസഫിക് സമുദ്രത്തിന് മുകളിലെത്തുകയും ചെയ്യുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നത്. എത്യോപ്യയുടെ വടക്കുകിഴക്കൻ പ്രവിശ്യയായ അഫാറിലുള്ള ഹായ്ലി ഗുബ്ബി എന്ന അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. ഭൂമിശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, കഴിഞ്ഞ 12,000 വർഷത്തിനിടയിലെ ഈ അഗ്നിപർവതത്തിന്റെ ആദ്യത്തെ സ്ഫോടനമാണിത്. സൾഫർ ഡൈ ഓക്സൈഡിന്റെ സാന്നിധ്യമുള്ള പൊടിപടലങ്ങളാണ് സ്ഫോടനത്തെ തുടർന്ന് അന്തരീക്ഷത്തിൽ പരന്നത്. ഈ പുകപടലങ്ങൾ ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഏകദേശം ഒൻപത് കിലോമീറ്ററോളം ഉയരത്തിൽ എത്തിയിരുന്നു.

Exit mobile version