ഉത്തരം മുട്ടിയപ്പോൾ കൊഞ്ഞനം കുത്തുന്ന തെരഞ്ഞെടുപ്പ് കമ്മിഷനെയാണ് രാജ്യം കണ്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജനാധിപത്യത്തിന്റെ അടിത്തറ ഇളക്കുന്ന വിധം വോട്ട് മോഷ്ടിച്ച ബിജെപിക്ക് വേണ്ടിയുള്ള ദയനീയ വക്കാലത്തായിരുന്നു അത്. സ്വതന്ത്രവും നീതി പൂർവകവുമായ തെരഞ്ഞെടുപ്പിന്റെ ഗീതയും ബൈബിളും ഖുർആനുമാണ് വോട്ടർ പട്ടിക. അതിനെയാണ് ബിജെപി സംഘടിതമായി മാനഭംഗപ്പെടുത്തിയത്.
അതുമായി ബന്ധപ്പെട്ട് പ്രതിപക്ഷമുയർത്തിയ ചോദ്യങ്ങൾക്ക് ഒന്നിനും ഉത്തരമില്ലാതെ പതറിപ്പോകുന്ന തെരഞ്ഞെടുപ്പ് കമ്മിഷനെയാണ് രാജ്യം കണ്ടത്. ബിഹാറിലും മഹാരാഷ്ട്രയിലും കർണാടകത്തിലും കേരളത്തിലെ തൃശൂരിലും എല്ലാം വോട്ടർ പട്ടികയെ മലിനപ്പെടുത്തിയ ബിജെപിക്ക് മുമ്പിൽ വാക്ക് മുട്ടിയ തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രതിപക്ഷം വോട്ടർമാരുടെ സ്വകാര്യതയെ ലംഘിച്ചു എന്ന് പറയുമ്പോൾ ആരും ചിരിച്ചു പോകും. മോഡി, അമിത് ഷാ മാരുടെ കുഴലൂത്തുകാരായി മാറുന്ന ഭരണഘടന സ്ഥാപനമായ ഇസിഐയുടെ പൂർണരൂപം എത്തിക്കലി കറപ്റ്റഡ് ഇൻസ്റ്റിറ്റ്യൂഷൻ എന്നാക്കി മാറ്റേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

