കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി തന്റെ വോട്ട് ഗുരുവായൂരിലേക്ക് മാറ്റി. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരിക്കും അദ്ദേഹം ഇനി വോട്ട് രേഖപ്പെടുത്തുക. വോട്ടർ പട്ടികയിൽ 697-ാം നമ്പർ വോട്ടർ ആയാണ് അദ്ദേഹത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തിനടുത്തുള്ള അച്യുതം ഫ്‌ളാറ്റിലെ വിലാസത്തിലാണ് വോട്ട് ചേർത്തിരിക്കുന്നത്.
ഗുരുവായൂരിലെ ആദ്യകാല ഫ്ലാറ്റ് സമുച്ചയങ്ങളിൽ ഒന്നായ അച്യുതത്തിൽ സുരേഷ് ഗോപിക്ക് സ്വന്തമായി ഫ്ലാറ്റുണ്ട്. ഇതേ സമുച്ചയത്തിൽ തന്നെ കെ മുരളീധരൻ ഉൾപ്പെടെയുള്ള പ്രമുഖർക്കും ഫ്ലാറ്റുകളുണ്ട്. തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച സുരേഷ് ഗോപി, മണ്ഡലവുമായി കൂടുതൽ സജീവമായി ബന്ധപ്പെടുന്നതിന്റെ ഭാഗമായാണ് വോട്ട് മാറ്റിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.

