Site iconSite icon Janayugom Online

തൃശൂരിലെ വോട്ട് തട്ടിപ്പ്: തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം വസ്തുതാവിരുദ്ധം

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വ്യാജവോട്ടുകള്‍ സംബന്ധിച്ച് ആരും പരാതി ഉന്നയിക്കുകയോ രേഖാമൂലം നല്‍കുകയോ ചെയ്തിട്ടില്ലെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം വസ്തുതാവിരുദ്ധമാണെന്ന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി എസ് സുനില്‍കുമാറിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റും എല്‍ഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ പി രാജേന്ദ്രന്‍. 

മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ വ്യാപകമായി വ്യാജ വോട്ടുകള്‍ ചേര്‍ക്കുന്നത് സംബന്ധിച്ച് 2024 മാര്‍ച്ച് 25ന് മുഖ്യ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് രേഖാമൂലം പരാതി നല്‍കിയിരുന്നു. മണ്ഡലത്തില്‍ സ്ഥിരതാമസക്കാരല്ലാത്തവരുടെയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തി ജോലി ചെയ്യുന്നവരുടെയും വോട്ട് ചേര്‍ക്കുന്നതായി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അടഞ്ഞുകിടക്കുന്ന വീടുകളും ഫ്ലാറ്റുകളും അപ്പാര്‍ട്ട്മെന്റുകളും കേന്ദ്രീകരിച്ച് താമസക്കാര്‍ പോലുമറിയാതെ വ്യാജ വാടകക്കരാറുകള്‍ ഉണ്ടാക്കിയാണ് സ്ഥലത്തില്ലാത്തവരുടെയും പ്രദേശത്ത് താമസമില്ലാത്തവരുടെയും പേരില്‍ വോട്ട് ചേര്‍ക്കുന്നതായി ശ്രദ്ധയില്‍പെട്ടത്.
2024 ജനുവരി 22ന് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷമാണ് വ്യാജമായി വോട്ടര്‍മാരെ ചേര്‍ക്കുന്നതിനുള്ള നടപടി ഉണ്ടായിട്ടുള്ളതെന്ന് എല്‍ഡിഎഫ് ചൂണ്ടിക്കാണിച്ചു. സമഗ്ര അന്വേഷണം നടത്തി സത്വര നടപടി ഉണ്ടാകണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. 2024 ഏപ്രില്‍ 25ന് വീണ്ടും ഇത് സംബന്ധിച്ച പരാതി രേഖാമൂലം നല്‍കി. ക്രമവിരുദ്ധമായി വോട്ട് ചേര്‍ത്തതിന്റെ തെളിവുകള്‍ സഹിതമാണ് പരാതി നല്‍കിയത്. പോളിങ്ങില്‍ ക്രമക്കേട് നടന്നത് സംബന്ധിച്ച് ഏപ്രില്‍ 26നും പരാതി നല്‍കി. പരാതികളെല്ലാം സ്വീകരിച്ചതായി മറുപടി ലഭിച്ചതായി കെ പി രാജേന്ദ്രന്‍ വ്യക്തമാക്കി. 

ഫ്ലാറ്റുകളില്‍ വോട്ട് ചേര്‍ത്തത് സംബന്ധിച്ച പരാതികള്‍ കൃത്യമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരെ സ്ഥലത്തുവച്ച് തന്നെ ബോധ്യപ്പെടുത്തിയിരുന്നു. പോളിങ് ദിവസവും ഇത് സംബന്ധിച്ച പരാതി നേരിട്ട് നല്‍കിയിരുന്നു. മാധ്യമങ്ങളിലൂടെ ഇക്കാര്യങ്ങളെല്ലാം ജനങ്ങളെ അറിയിച്ചിട്ടുള്ളതുമാണ്. ജില്ലാ വരണാധികാരി, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിരീക്ഷകന്‍ എന്നിവര്‍ വിളിച്ചുകൂട്ടിയ ഔദ്യോഗിക യോഗങ്ങളില്‍ ചീഫ് ഇലക്ഷന്‍ ഏജന്റ് എന്ന നിലയില്‍ പരാതികള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
പോളിങ്ങിന് ശേഷം മുഖ്യ തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ വിളിച്ചുകൂട്ടിയ യോഗത്തിലും ഇത് ആവര്‍ത്തിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചീഫ് ഇലക്ഷന്‍ ഏജന്റ് എന്ന നിലയില്‍ തന്റെ മൊഴിയും എടുത്തിരുന്നു. ഇത്രയും വസ്തുതകള്‍ നിലനില്‍ക്കുമ്പോള്‍ പരാതികളൊന്നും ഉന്നയിച്ചിട്ടില്ലെന്ന് പറയുന്നത് വസ്തുതാവിരുദ്ധമാണെന്ന് കെ പി രാജേന്ദ്രന്‍ അറിയിച്ചു. 

Exit mobile version