ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്ന നടപടികളുമായി മുന്നോട്ടുപോകുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ആധാര്‍ അധികൃതര്‍ എന്നിവരും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. ഹരിയാന, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ വോട്ടര്‍മാര്‍ക്ക് സമാന വോട്ടര്‍ നമ്പര്‍ ലഭിച്ചതിന് പിന്നാലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പരാതി ഉന്നയിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ ആരംഭിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം.
സുപ്രീംകോടതി നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായും ഭരണഘടനാ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലുമായിരിക്കും ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുകയെന്നും യോഗത്തിന് ശേഷം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ അറിയിച്ചു. ഈ വിഷയത്തില്‍ യുഐഡിഎഐയും ഇസിഐയിലെ സാങ്കേതിക വിദഗ്ധരും തമ്മിലുള്ള കൂടിയാലോചനകൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിർവാചൻ സദാനിൽ നടന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ ഡോ. സുഖ്ബീർ സിങ് സന്ധു, ഡോ. വിവേക് ജോഷി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, നിയമനിർമ്മാണ വകുപ്പ് സെക്രട്ടറി, സെക്രട്ടറി എംഇഐടിവൈ, സിഇഒ, യുഐഡിഎഐ, തെരഞ്ഞെടുപ്പ് കമ്മിഷനിലെ സാങ്കേതിക വിദഗ്ധർ തുടങ്ങിയവര്‍ പങ്കെടുത്തു.