Site iconSite icon Janayugom Online

കോണ്‍ഗ്രസില്‍ വോട്ടര്‍ പട്ടിക വിവാദം; അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ അശോക് ചവാന്‍

Asok ChavanAsok Chavan

കോൺഗ്രസില്‍ വോട്ടർ പട്ടികാ വിവാദം മുറുകി. തെരഞ്ഞെടുപ്പ് സുതാര്യമാക്കണമെന്നും വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ട് എംപിമാരായ ശശി തരൂരും അസമില്‍ നിന്നുള്ള പ്രദ്യുത് ബൊർദലോയിയും തെരഞ്ഞെടുപ്പ് ചുമതലയുള്ള മധുസൂദൻ മിസ്ത്രിക്ക് കത്തയച്ചു.
തെരഞ്ഞെടുപ്പാണ് ലക്ഷ്യമെങ്കിൽ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് കത്തിലൂടെ എംപിമാര്‍ ആവശ്യപ്പെട്ടു. സ്ഥാനാര്‍ത്ഥികളാകുന്നതിന് പിസിസി പ്രതിനിധികളായ 10 പേര്‍ ശുപാര്‍ശ ചെയ്യേണ്ടതുണ്ട്. അന്തിമ പട്ടികയിൽ പേരുകൾ ഇല്ലെങ്കിൽ പത്രികകൾ നിരസിക്കപ്പെടുമെന്നതിനാൽ ഈ പ്രതിനിധികളെക്കുറിച്ച് അറിയേണ്ടത് പ്രധാനമാണെന്നും മുതിർന്ന നേതാവ് പറഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു.
അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാരായ മനീഷ് തിവാരിയും കാര്‍ത്തി ചിദംബരവും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഇതിനായി എഐസിസി വെബ്സൈറ്റില്‍ സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്.
നിലവില്‍ നിശ്ചയിച്ച സമയക്രമത്തില്‍ ഒക്ടോബര്‍ 17നാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കേണ്ടത്. 19ന് വോട്ടെണ്ണല്‍ നടക്കും.
അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ സോണിയ പക്ഷം മുന്നോട്ടുവയ്ക്കുമ്പോള്‍ എതിര്‍ വിഭാഗമായ ജി23യില്‍ നിന്ന് ശശി തരൂരിന്റെപേരാണ് ഉയരുന്നത്. അതേസമയം അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തില്‍ നിന്നൊരാള്‍ തന്നെ വരണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ രാജ്യസഭ എംപിയുമായ വി ഹനുമന്ത റാവു അഭിപ്രായപ്പെട്ടു.
അതിനിടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയാറെടുത്ത് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ രംഗത്തെത്തി. തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ തേടി അശോക് ചവാന്‍ മുതിര്‍ന്ന നേതാക്കളോട് ആശയവിനിമയം നടത്തി. താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കുന്ന വിധത്തില്‍ ദേശീയ നേതൃത്വത്തെ ഉടച്ച്‌ വാര്‍ക്കുമെന്ന് അശോക് ചവാന്‍ പറഞ്ഞു. അതിനിടെ ചവാന്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസുമായി കൂടിക്കാഴ്ച നടത്തിയത് ബിജെപിയിലേക്കെന്ന അഭ്യൂഹം വളരുന്നതിനും ഇടയാക്കിയിട്ടുണ്ട്. 

Eng­lish Sum­ma­ry: Vot­er List Con­tro­ver­sy in Con­gress; Ashok Cha­van to con­test for the post of President

You may like this video also

Exit mobile version