Site iconSite icon Janayugom Online

വോട്ടർപട്ടിക പരിഷ്കരണം: ബംഗാളിൽ കുറ‍ഞ്ഞത് 110 പേര്‍ മരിച്ചെന്ന് മുഖ്യമന്ത്രി മമത ബാനർജി

പശ്ചിമ ബംഗാളിൽ വോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ടുണ്ടായ പരിഭ്രാന്തിയും മാനസിക സമ്മർദ്ദവും മൂലം ഇതുവരെ കുറഞ്ഞത് 110 പേർ മരിച്ചതായി മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്തയിൽ 49-ാമത് അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. എസ് ഐ ആര്‍ നടപടികളിലൂടെ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെയും കേന്ദ്ര സർക്കാരിന്റെയും നീക്കങ്ങളെ മമത രൂക്ഷമായി വിമർശിച്ചു. ബംഗാളി കുടുംബപ്പേരുകളിലെ വൈവിധ്യങ്ങളെ സാങ്കേതിക പിഴവുകളായി കണ്ട് ജനങ്ങളെ വേട്ടയാടുകയാണെന്ന് അവർ ആരോപിച്ചു. “ബാനർജിയും ബന്ദോപാധ്യായയും ഒന്നാണ്, ചാറ്റർജിയും ചതോപാധ്യായയും ഒന്നാണ്. ടാഗോർ പോലും ബ്രിട്ടീഷ് ഭരണകാലത്ത് രൂപാന്തരപ്പെട്ടതാണ്. രവീന്ദ്രനാഥ ടാഗോർ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹവും ഇതേ പ്രതിസന്ധി നേരിടുമായിരുന്നു,” മമത പറഞ്ഞു.

പ്രായം ചെന്നവരോട് ജനന സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടുന്നതിനെയും മമത ചോദ്യം ചെയ്തു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി പോലും തന്റെ ശരിക്കുള്ള ജന്മദിനം ഡിസംബർ 25 അല്ലെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് അവർ വെളിപ്പെടുത്തി. വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ പേരിൽ ജനങ്ങൾ അനുഭവിക്കുന്ന യാതനകളെക്കുറിച്ച് താൻ രചിച്ച 26 കവിതകളുടെ സമാഹാരം (162-ാമത് പുസ്തകം) പുസ്തകോത്സവത്തിൽ പുറത്തിറങ്ങുമെന്നും അവർ അറിയിച്ചു.

Exit mobile version