ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പാണ് തിങ്കളാഴ്ച നടക്കുന്നത്. അസംഗഡ്, മൗ, ജൗന്‍പൂര്‍, ഗാസിപൂര്‍, ചന്ദൗലി, വാരണാസി, മിര്‍സാപൂര്‍, ഭദോഹി, സോന്‍ഭദ്ര എന്നീ ഒമ്പത് ജില്ലകളില്‍ രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകുന്നേരം 6 മണി വരെ പോളിംഗ് തുടരും. 2.06 കോടി വോട്ടര്‍മാരാണ് ഏഴാം ഘട്ടത്തിലുള്ളത്. 54 സീറ്റുകളിലേക്കാണ് മത്സരം. 613 സ്ഥാനാര്‍ത്ഥികളാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായും സ്വതന്ത്രരായും മത്സരിച്ച് ജനവിധി തേടുന്നത്
613 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത് 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ മേഖലയില്‍ ബി ജെ പി സഖ്യകക്ഷികളായ അപ്നാദള്‍, എസ് ബി എസ് പി എന്നിവര്‍ക്കൊപ്പം 29 സീറ്റുകള്‍ നേടിയിരുന്നു. അതേസമയം എസ് പി 11 സീറ്റും ബി എസ് പി 6 സീറ്റുമാണ് നേടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമായ വാരാണസി അവസാന ഘട്ട വോട്ടെടുപ്പില്‍ ഉള്‍പ്പെടുന്നുണ്ട്. അതിനാല്‍ ബി ജെ പിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് ഏഴാം ഘട്ട വോട്ടെടുപ്പ്. മുഖ്യമന്ത്രി ആദിത്യനാഥ് സര്‍ക്കാരിലെ മൂന്ന് മന്ത്രിമാര്‍ വാരാണസി ജില്ലയിലെ വിവിധ സീറ്റുകളില്‍ നിന്ന് മത്സരിച്ചക്കുന്നുണ്ട്
വാരണാസി സൗത്തില്‍ ടൂറിസം മന്ത്രി നീലകണ്ഠ് തിവാരി, ശിവ്പൂരില്‍ അനില്‍ രാജ്ഭര്‍, വാരണാസി നോര്‍ത്തില്‍ രവീന്ദ്ര ജയ്സ്വാള്‍ എന്നിവരാണ് ബി ജെ പിയ്ക്കായി ജനവിധി തേടുന്നത്. സംസ്ഥാന മന്ത്രിമാരായ ഗിരീഷ് യാദവിനെ ജൗന്‍പൂരിലും രാമശങ്കര്‍ സിംഗ് പട്ടേലിനെ മിര്‍സാപൂരിലെ മാരിഹാനിലും ബി ജെ പി സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ട്. യുപി സര്‍ക്കാരിലെ മന്ത്രിസ്ഥാനം രാജിവച്ച് എസ് പിയില്‍ ചേര്‍ന്ന ദാരാ സിംഗ് ചൗഹാനെ മൗ ജില്ലയിലെ ഘോസി നിയമസഭാ സീറ്റില്‍ നിന്നാണ് മത്സരിപ്പിക്കുന്നത്. ഏഴാമത്തെയും അവസാനത്തെയും ഘട്ടം ബി ജെ പിയുടെ സഖ്യകക്ഷികളായ അപ്നാ ദള്‍ (സോണിലാല്‍), നിഷാദ് പാര്‍ട്ടി എന്നിവയുടെ പരീക്ഷണം കൂടിയാണ്.
മറുവശത്ത് എസ് പിയുടെ സഖ്യകക്ഷികളായ അപ്നാ ദള്‍ (കാമറവാദി), സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ് ബി എസ് പി) എന്നിവയ്ക്കും നിര്‍ണായകമാണ്. എസ് ബി എസ് പി അധ്യക്ഷന്‍ ഓം പ്രകാശ് രാജ്ഭര്‍ സഹൂറാബാദില്‍ നിന്നും മുഖ്താര്‍ അന്‍സാരിയുടെ മകന്‍ അബ്ബാസ് അന്‍സാരി മൗ സദറില്‍ നിന്നുമാണ് മത്സരിക്കുന്നത്. യുപി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട പ്രചാരണം ശനിയാഴ്ചയോടെയാണ് അവസാനിച്ചത്. ബി ജെ പി, എസ് പി, ബി എസ് പി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ തമ്മിലുള്ള ചൂടേറിയ അവകാശവാദങ്ങളും പ്രത്യാരോപണങ്ങളും അവസാന ഘട്ടത്തിലും സജീവമായിരുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഒന്നിലധികം തിരഞ്ഞെടുപ്പ് റാലികളും വാരണാസിയിലെ മെഗാ റോഡ്ഷോയുമായാണ് ബി ജെ പി പ്രചരണം നടത്തിയത്. പ്രധാനമന്ത്രി മൂന്ന് ദിവസം വാരാണസിയില്‍ ക്യാമ്പ് ചെയ്യുക പോലും ചെയ്തു. സമാജ് വാദി പാര്‍ട്ടി രക്ഷാധികാരിയും മുന്‍ യു പി മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ് ജൗന്‍പൂരില്‍ പ്രചരണത്തിനെത്തി. അഖിലേഷ് യാദവ് തന്റെ സഖ്യകക്ഷിയായ ആര്‍ എല്‍ ഡിയുടെയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയുമായി സംയുക്ത റാലി നടത്തി
ബി എസ് പി അധ്യക്ഷ മായാവതി പുര്‍വാഞ്ചല്‍ മേഖലയിലെ തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്തു. ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയുടെ സാന്നിധ്യം പുനരുജ്ജീവിപ്പിക്കാനുള്ള തീവ്ര ശ്രമത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സഹോദരന്‍ രാഹുല്‍ ഗാന്ധിയും റോഡ്ഷോകളും കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിക്കലുമായി പ്രചപണത്തില്‍ സജീവമായി.
ഏഴാം ഘട്ടത്തോടെ അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയാകും. മാര്‍ച്ച് 10 ന് ഫലമറിയാം. ഉത്തര്‍പ്രദേശിനെ കൂടാതെ പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളിലും വോട്ടെണ്ണല്‍ അതേദിവസമാണ്.
English Summary:Voting begins in UP; Crucial seats for the contest, including Modi’s constituency
You may also like this video: