Site icon Janayugom Online

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം വോട്ടെടുപ്പ് പൂര്‍ത്തിയായി

കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. ദേശീയതലത്തില്‍ 68 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്. നാളെയാണ് വോട്ടെണ്ണല്‍. മത്സരാര്‍ത്ഥികളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും ഒരുപോലെ വിജയപ്രതീക്ഷ പങ്കുവച്ചു.
സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്തും രാഹുല്‍ഗാന്ധി കര്‍ണാടകയിലെ ഭാരത് ജോഡോ ബൂത്തിലും വോട്ട് രേഖപ്പെടുത്തി. എഐസിസി ആസ്ഥാനത്ത് 100 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. കേരളത്തിൽ നിന്ന് 310 വോട്ടര്‍മാരില്‍ 287 പേരാണ് വോട്ട് ചെയ്തത്; 95.66 ശതമാനം.
രാവിലെ പത്തുമണിക്ക് വോട്ടിങ് തുടങ്ങിയിരുന്നു. എഐസിസി ആസ്ഥാനത്ത് പി ചിദംബരമാണ് ആദ്യ വോട്ട് ചെയ്തത്. ജയറാം രമേശ് രണ്ടാം വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, എ കെ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, കെ മുരളീധരൻ തുടങ്ങിയവർ വോട്ടു ചെയ്തു. ശശി തരൂരും തിരുവനന്തപുരത്താണ് വോട്ടു ചെയ്തത്. വി ടി ബൽറാം ഉൾപ്പെടെ യുവനിര തരൂരിനൊപ്പമെന്ന് സൂചന നല്കി. വിദേശത്തുള്ള വി എം സുധീരന്‍ വോട്ട് ചെയ്തില്ല. ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയുന്ന എൽദോസ് കുന്നപ്പിള്ളിയും വോട്ടു ചെയ്യാനെത്തിയില്ല.
പാര്‍ട്ടിയുടെ ഭാവി വോട്ട് ചെയ്ത പ്രവര്‍ത്തകരുടെ കയ്യിലാണെന്ന് ശശി തരൂര്‍ പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ ഒരു ചലനമുണ്ടാക്കാന്‍ തെരഞ്ഞെടുപ്പ് സഹായിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നതായും തരൂര്‍ പറഞ്ഞു. 

Eng­lish Sum­ma­ry: Vot­ing for the post of Con­gress Pres­i­dent has been completed

You may also like this video

Exit mobile version